'പ്രവര്‍ത്തകരെ നിയന്ത്രിക്കാനാകുന്നില്ല'; തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

'പ്രവര്‍ത്തകരെ നിയന്ത്രിക്കാനാകുന്നില്ല'; തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആകുന്നില്ലെന്നും നേതൃത്വത്തിന് പ്രവര്‍ത്തകരുടെ മേലുള്ള നിയന്ത്രണം നഷ്ടമായെന്നുമാണ് ജില്ലാകമ്മിറ്റിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ കര്‍ശനമായി തടയണമെന്നും ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന സമിതി ചൂണ്ടികാട്ടി.

ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തിലടക്കമാണ് സംസ്ഥാന സമിതില്‍ ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനം ശക്തമായത്. അതേസമയം ലഹരിവിരുദ്ധ കാംപയിനിടെ ബാറില്‍ കയറി മദ്യപിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ ഇന്ന് രാവിലെ നടപടി സ്വീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും നേമം ഡിവൈഎഫ്‌ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്. 

ആംബുലന്‍സ് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിന്‍ രാജിനുമെതിരെ അന്വേഷണം നടത്താനും ഡിവൈഎഫ്‌ഐ തീരുമാനിച്ചു. ഈ സംഭവങ്ങള്‍ സിപിഎമ്മിന് വലിയ ക്ഷീണമായെന്ന് അഭിപ്രായം ഉണ്ടായി. 

അതേസമയം തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചാ വിഷയമായില്ല. ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായെങ്കിലും ജില്ലാ സെക്രട്ടറി അരോപണ വിധേയനായ കത്ത് വിവാദം സൂചിപ്പിക്കാതെ മറ്റ് കാര്യങ്ങളില്‍ വിമര്‍ശനം ഉണ്ടായത് ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയാണെന്നാണ് പുറത്തുള്ള സംസാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.