കോവിഡ് വ്യാപനം: വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ പരിശോധന; കേരളത്തില്‍ ഇന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം

കോവിഡ് വ്യാപനം: വിമാനത്താവളങ്ങളില്‍  നാളെ മുതല്‍ പരിശോധന; കേരളത്തില്‍ ഇന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം

ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ പുതിയ ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം.

വിദേശത്ത് നിന്ന് വിമാനത്തില്‍ ഇന്ത്യയില്‍ എത്തുന്ന യാത്രക്കാരില്‍ രണ്ടുശതമാനം പേരുടെ സാമ്പിളുകള്‍ ശേഖരിക്കണം. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളില്‍ കോവിഡ് പോസിറ്റീവ് ആകുന്ന കേസുകള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ശനിയാഴ്ച മുതല്‍ വിമാനത്താവളങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നാണ് കത്തില്‍ പറയുന്നത്.

അതിനിടെ കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി ഇന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം തിരുവനന്തപുരത്ത് ചേരും. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കോവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാനാണ് ജില്ലകള്‍ക്കുള്ള നിര്‍ദേശം. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂര്‍ണ ജീനോമിക് സര്‍വയലന്‍സാണ് നടത്തുക.

ഓരോ ജില്ലക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളില്‍ ജനിതക നിര്‍ണയത്തിനായി സാമ്പിളുകള്‍ അയക്കണം. ഏതെങ്കിലും ജില്ലകളില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തും. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കോവിഡ് പരിശോധന നടത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.