കൂറ്റന്‍ യന്ത്രങ്ങളുമായി ട്രെയിലറുകള്‍ താമരശേരി ചുരം കയറി; ഗതാഗത നിയന്ത്രണം നീക്കി

കൂറ്റന്‍ യന്ത്രങ്ങളുമായി ട്രെയിലറുകള്‍ താമരശേരി ചുരം കയറി; ഗതാഗത നിയന്ത്രണം നീക്കി

കോഴിക്കോട്: മൂന്നു മാസമായി അടിവാരത്ത് തുടര്‍ന്ന ട്രെയിലറുകള്‍ കൂറ്റന്‍ യന്ത്രങ്ങളുമായി താമരശേരി ചുരം താണ്ടി. രണ്ട് ട്രെയിലറുകളാണ് ഇന്നലെ രാത്രി ചലിച്ചു തുടങ്ങിയത്.

മൂന്ന് മണിക്കൂര്‍ ഇരുപത് മിനുട്ട് കൊണ്ടാണ് രണ്ട് ട്രെയിലറുകളും ചുരം താണ്ടിയത്. അകമ്പടിയായി പൊലീസ്, ഫയര്‍ ഫോഴ്സ്, കെഎസ്ഇബി, വനംവകുപ്പ് ജീവനക്കാര്‍, രണ്ട് ആംബുലന്‍സുകള്‍ എന്നിവയുമുണ്ടായിരുന്നു.

ചുരം സംരക്ഷണ സമിതിയും വേണ്ട സഹായങ്ങളൊക്കെ ചെയ്ത് മുന്നിലുണ്ടായിരുന്നു. ട്രെയിലറുകളില്‍ ഒന്നിന്റെ നീളം 17 മീറ്ററും വീതി 5.2 മീറ്ററുമാണ്. രണ്ടാമത്തേതിന് നീളം 14.6 മീറ്ററും വീതി 5.8 മീറ്ററുമാണ്. അനക്കമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായതുകൊണ്ടാകണം ഒരു ട്രെയിലര്‍ ഒന്നാം വളവെത്തും മുമ്പ് മൂന്ന് തവണ നിന്നു.

എഞ്ചിന്‍ തകരാര്‍ പരിഹരിച്ച് പിന്നെ നേരെ ചുരത്തിലേക്ക് കയറിത്തുടങ്ങി. ട്രെയിലറുകളുടെ അടി തട്ടുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഒന്ന്, ഏഴ്, എട്ടു വളവുകള്‍ പ്രശ്നങ്ങളില്ലാതെ കയറിത്തുടങ്ങി. പാല്‍പ്പൊടി നിര്‍മാണ യൂണിറ്റും വഹിച്ച് നഞ്ചന്‍കോഡ് ലക്ഷ്യമാക്കിയുള്ള രണ്ട് ട്രെയിലറും ഒടുവില്‍ ഒമ്പതാം വളവും താണ്ടി.

കര്‍ണാടക നഞ്ചന്‍ഗോഡിലെ നെസ്ലെ കമ്പനിയുടെ പ്ലാന്റി ലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായി സെപ്റ്റംബര്‍ 10നാണ് ട്രെയിലറുകള്‍ അടിവാരത്തെത്തിയത്. ചുരംവഴി പോകുന്നത് ഗതാഗത തടസമുണ്ടാക്കുമെന്നതിനാല്‍ ജില്ലാ ഭരണകൂടം യാത്രാനുമതി നിഷേധിക്കുകയായിരുന്നു.

ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നു മാസത്തിന് ശേഷമാണ് ട്രെയിലറുകള്‍ ചുരം കയറിയത്. ജില്ലാഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം 20 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ നല്‍കിയതിന് ശേഷമാണ് യാത്രാനുമതി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.