ഒടുവില്‍ മനം മാറ്റമോ?.. യുദ്ധം അവസാനിപ്പിക്കാന്‍ താല്‍പര്യമറിയിച്ച് പുടിന്‍; വിശ്വാസം പോരെന്ന് ഉക്രെയ്‌നും സഖ്യ രാജ്യങ്ങളും

ഒടുവില്‍ മനം മാറ്റമോ?.. യുദ്ധം അവസാനിപ്പിക്കാന്‍ താല്‍പര്യമറിയിച്ച് പുടിന്‍; വിശ്വാസം പോരെന്ന് ഉക്രെയ്‌നും സഖ്യ രാജ്യങ്ങളും

പുടിന്റെ പ്രസ്താവന ഗൗരവത്തോടെയാണെങ്കില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക.

മോസ്‌കോ: ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ താല്‍പര്യമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പുടിന്‍ വ്യക്തമാക്കി.

ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നല്‍കി വരുന്ന പിന്തുണ തുടരുമെന്ന് ബൈഡന്‍ സെലന്‍സ്‌കിയ്ക്ക് ഉറപ്പു നല്‍കി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുടിന്റെ പ്രതികരണമെന്നതും ശ്രദ്ധേയം.

'എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര കൂടിയാലോചനകള്‍ക്കൊടുവിലാണ് അവസാനിച്ചിട്ടുള്ളത്. അതിനായി ഏതെങ്കിലും കക്ഷികള്‍ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാവണം. അതിന് നമ്മുടെ എതിരാളികള്‍ എത്രവേഗം തയ്യാറാവുന്നുവോ അത്രയും നല്ലത്'- റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍ പുടിന്റെ ഈ പ്രതികരണത്തെ സംശയത്തോടെയാണ് മറുപക്ഷം കാണുന്നത്. കൂടിയാലോചന നടത്തുന്ന കാര്യം ഗൗരവത്തോടെയാണോ റഷ്യ കാണുന്നതെന്ന് സംശയമുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. പുടിന്റെ പ്രസ്താവന ഗൗരവത്തോടെയാണെങ്കില്‍ തുറന്ന ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

അതേസമയം ഉക്രെയ്‌നില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പുടിന്റെ നയതന്ത്ര ചര്‍ച്ചാ നീക്കമെന്ന് ഉക്രെയ്‌നും സഖ്യരാജ്യങ്ങളും സംശയിക്കുന്നുണ്ട്.

ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുന്നത് ഉക്രെയ്ന്‍ ആണ് എന്ന മറുവാദമാണ്  പുടിന്‍  ഉന്നയിക്കുന്നത്. പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളിലുമുള്ള ആക്രമണം തുടരുന്നത് റഷ്യ നിര്‍ത്തണം എന്നാണ് ഉക്രെയ്‌ന്റെ പ്രധാന ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.