യുദ്ധഭൂമിയായ കീവിലെ സോഫിസ്‌ക സ്‌ക്വയറില്‍ സ്ഥാപിച്ച ക്രിസ്തുമസ് ട്രീ
കീവ്: 'രണ്ട് ദിവസത്തിനുള്ളില്‍ നാം ക്രിസ്തുമസ് ആഘോഷിക്കുകയാണ്. മെഴുകുതിരികള്‍ കത്തിച്ചുകൊണ്ടായിരിക്കും ഞങ്ങളുടെ ആഘോഷം. അത് കാല്‍പനികതയ്ക്കു വേണ്ടിയല്ല, വൈദ്യുതിയില്ലാത്തതുകൊണ്ട്. കൊടും ശൈത്യത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വെള്ളം ചൂടാക്കാന്‍ പോലും കഴിയുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് പരാതിയില്ല. ആരുടെയും ജീവിതം എളുപ്പമാണെന്ന് ഞങ്ങള്‍ വിലയിരുത്തുകയോ താരതമ്യം ചെയ്യുകയോ ചെയ്യുന്നില്ല. ഞങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കും, വൈദ്യുതി ഇല്ലെങ്കിലും ഞങ്ങളിലുള്ള വിശ്വാസത്തിന്റെ വെളിച്ചം അണയുകയില്ല...'
കഴിഞ്ഞ ദിവസം യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി വികാര നിര്‍ഭരമായി പറഞ്ഞ വാക്കുകളാണിത്. 'ക്രിസ്മസ് രാവില്‍ ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകേണ്ടിവന്നാലും ഒരു മേശയില്‍ ഇരുന്ന് ഞങ്ങള്‍ പരസ്പരം ആഹ്ലാദിക്കും' - സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
ഫ്രെബുവരിയില്‍ ആരംഭിച്ച അധിനിവേശം ഉക്രെയ്ന്‍ എന്ന മനോഹര രാജ്യത്തെ മുഴുവന്‍ തകര്‍ത്തെറിഞ്ഞിട്ടും ദൈവ പുത്രന്റെ തിരുപ്പിറവിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഉക്രെയ്ന്‍ ജനത. യുദ്ധത്തിന്റെ കൊടിയ ദുരിതത്തിനിടയിലും ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും ഒരുക്കി അവര്‍ കാത്തിരിക്കുകയാണ്. സന്മനസുള്ളവര്‍ക്ക് ദൈവം ഭൂമിയില്‍ വാഗ്ദാനം ചെയ്ത സമാധാനത്തിനായി...
കീവിലെ ക്രിസ്തുമസ് ട്രീ
തീയുണ്ടകള്‍ പാറി വീണു വരണ്ടുണങ്ങിയ മണ്ണില്‍ കിളിര്‍ത്തൊരു പുല്‍നാമ്പ് പോലെ യുദ്ധത്തില്‍ വലിയ നാശം സംഭവിച്ച രാജ്യതലസ്ഥാനമായ കീവില്‍ പ്രത്യാശയുടെ പ്രതീകമായി ക്രിസ്തുമസ് ട്രീ ഉയര്‍ന്നുകഴിഞ്ഞു.
റഷ്യന്‍ ആക്രമണങ്ങള്‍ക്കിടയിലും സോഫിസ്‌ക സ്‌ക്വയറില്‍ സ്ഥാപിച്ച ക്രിസ്മസ് ട്രീ കാണാന്‍ കീവിലും പരിസരത്തുമുള്ള കുടുംബങ്ങള്‍ വരുന്നുണ്ട്. 'ഈ അലങ്കാരങ്ങളിലൂടെ ഞങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് ലോകം മുഴുവന്‍ അറിയണം'. പ്രദേശവാസിയായ ക്‌സെനിയ സഖറോവ പറഞ്ഞു.
ജനറേറ്റര്‍ ഉപയോഗിച്ചാണ് 12 മീറ്റര്‍ ഉയരമുള്ള ക്രിസ്തുമസ് ട്രീയിലെ അലങ്കാര വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ക്രിസ്തുമസ് കാലം കഴിയുമ്പോള്‍ ജനറേറ്റര്‍ സൈന്യത്തിന് കൈമാറും.
കീവില്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന് സമീപമുള്ള കളിസ്ഥലത്ത് ഊഞ്ഞാലാടുന്ന കുരുന്ന്
'റഷ്യന്‍ ആക്രമണമുണ്ടാകുമ്പോള്‍ എന്റെ കുഞ്ഞുമകള്‍ ചോദിക്കും... അമ്മേ, അവര്‍ നമ്മെ ബോംബെറിയുകയാണോ?' മുന്നറിയിപ്പു സൈറണുകളെ അവള്‍ ഭയപ്പെടുന്നു. ഉക്രെയ്നിലുടനീളമുള്ള കുട്ടികളുടെ അവസ്ഥ ഇതാണ്. എങ്കിലും കുട്ടികള്‍ക്ക് അവരുടെ ബാല്യം നഷ്ടപ്പെടാന്‍ പാടില്ല. അവര്‍ക്ക് അത്ഭുതങ്ങളില്‍ വിശ്വാസം ഉണ്ടാവണം. അതിനാല്‍ ഞങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കും - ഒലെക്സാന്ദ്ര അരകേലിയന്‍ എന്ന അമ്മ പറയുന്നു:
മെഴുകുതിരികളും പവര്‍ ബാങ്കും ബാര്‍ബിക്യൂവും... ക്രിസ്തുമസ് ആഘോഷിക്കാനൊരുങ്ങുന്ന ഉക്രെയ്ന്‍ ജനതയുടെ സമ്പാദ്യങ്ങളാണിവ. വൈദ്യുതിയില്ലാത്തതിനാല്‍ ഇലക്ട്രിക് സ്റ്റൗവില്‍ പാചകം ചെയ്യാന്‍ കഴിയില്ല. ഊര്‍ജ നിലയങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണങ്ങള്‍ മൂലം ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിയും വെള്ളവും ഇല്ലാതെ കൊടുംശൈത്യത്തില്‍ ബുദ്ധിമുട്ടുന്നത്.
'വീടുകളില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ ഇക്കുറി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മാലകളാണ് ഉപയോഗിക്കുന്നത് - 86 വയസുകാരനായ മൈഖൈലോ ഗബ്രില്‍ചുക്ക് പറയുന്നു. പുതുവത്സരാഘോഷത്തില്‍, വൈദ്യുതി ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ വാര്‍ത്തകള്‍ കാണാനും ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാനും സാധിക്കും - മൈഖൈലോ പ്രതീക്ഷ പങ്കുവച്ചു.
പുതുവര്‍ഷത്തിലെങ്കിലും ആശുപത്രികളിലും പാര്‍പ്പിട കെട്ടിടങ്ങളിലും റഷ്യ ബോംബിടരുതെന്നാണ് തന്റെ ആഗ്രഹമെന്ന് നതാലിയ റെപ്യാഖ് പറയുന്നു. 'ക്രിസ്മസ് രാവില്‍ എന്റെ കുടുംബം മേശയ്ക്കു ചുറ്റും ഒരുമിച്ച് നില്‍ക്കുന്നതായി ഞാന്‍ സങ്കല്‍പ്പിക്കുന്നു. ഞങ്ങള്‍ വിജയം ആഘോഷിക്കുകയാണ്. എന്നാല്‍ ഈ വര്‍ഷം അത് അങ്ങനെയായിരിക്കില്ല എന്നറിയാം. ഇത് എന്റെ സ്വപ്‌നം മാത്രമാണ്. എന്നിരുന്നാലും, അടുത്ത പുതുവര്‍ഷത്തില്‍ അത് യാഥാര്‍ത്ഥ്യമാകും.
'പുതുവര്‍ഷവും ക്രിസ്മസും ആരും റദ്ദാക്കാന്‍ പോകുന്നില്ലെന്നു കീവ് മേയര്‍ വിറ്റാലി ക്ലിച്ച്‌കോ പറഞ്ഞു. നമ്മുടെ ക്രിസ്തുമസിനെ കവരാന്‍ പുടിനെ അനുവദിക്കില്ല. വലിയ ആള്‍ക്കൂട്ടം ഇല്ലാതെ തന്നെ കീവില്‍ ആഘോഷങ്ങള്‍ നടക്കും - വിറ്റാലി ക്ലിച്ച്‌കോ പറഞ്ഞു.
ഉക്രെയ്‌നിലെ ഒരു ക്രിസ്തുമസ് കാഴ്ച്ച (ഫയല്‍ ചിത്രം)
റഷ്യ നടത്തിയ കൂട്ടക്കുരുതിയുടെ ഫലമായി ചെറുപട്ടണമായ ബുച്ചയില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങള്‍ ലോക മനസാക്ഷിയെ മരവിപ്പിച്ചിരുന്നു. സങ്കടക്കാഴ്ച്ചകളുടെ വേദനയ്ക്കിടയിലും പ്രത്യാശയുടെ പ്രതീകമായി ബുച്ചയിലും ഒരു ക്രിസ്തുമസ് ട്രീ ഉയര്‍ന്നുകഴിഞ്ഞു. ഉക്രെയ്‌നിലെ ആഭ്യന്തര മന്ത്രിയുടെ ഉപദേശകനായ ആന്റണ്‍ ഗെരാഷ്‌ചെങ്കോ ക്രിസ്തുമസ് ട്രീയുടെ ചിത്രം ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
'ഇവിടെ ഇതു സ്ഥാപിക്കുന്നതിനു മുമ്പ്, ബുച്ച നിവാസികള്‍ക്കിടയില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. അവരില്‍ ഭൂരിഭാഗവും ക്രിസ്തുമസ് ട്രീ വയ്ക്കുന്നതിനെ അനുകൂലിച്ചു. കാരണം അവര്‍ അത് അര്‍ഹിക്കുന്നു-' ആന്റണ്‍ ഗെരാഷ്‌ചെങ്കോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.