സർവകലാശാലകൾ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്: ആഗോളതലത്തിൽ പ്രതിഷേധം വർധിക്കുന്നു: വിലക്കിനെ ന്യായീകരിച്ച് താലിബാൻ മന്ത്രി

സർവകലാശാലകൾ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്: ആഗോളതലത്തിൽ പ്രതിഷേധം വർധിക്കുന്നു: വിലക്കിനെ ന്യായീകരിച്ച് താലിബാൻ മന്ത്രി

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കു വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നടപടിയെ ആഗോളതലത്തിൽ വ്യാപകമായി വിമർശിക്കപ്പെടുമ്പോഴും നടപടിയെ ന്യായീകരിച്ച് താലിബാൻ ഭരണകൂടം. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണു വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയതെന്ന താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ അപൂർവമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോഴും ലിംഗഭേദം തടയാൻ നിരോധനം അനിവാര്യമാണെന്ന് നെദ മുഹമ്മദ് നദീം വാദിക്കുന്നു. ഇസ്‌ലാമിക് ഡ്രസ് കോഡിന്റെ വ്യാഖ്യാനവും വ്യത്യസ്‌ത ലിംഗഭേദമുള്ള വിദ്യാർത്ഥികൾ തമ്മിലുള്ള ആശയവിനിമയവും വിദ്യാർത്ഥിനികൾ പാലിക്കാത്തതിനാലാണ് ഭാഗികമായി സർവ്വകലാശാലകൾ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് എന്നാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചത്.

വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതുപോലെയാണ് പെൺകുട്ടികൾ വസ്ത്രം ധരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.


പുതിയ താലിബാൻ നയത്തിനെതിരെ പ്രതിഷേധവുമായി എത്തിയ സ്ത്രീകൾ

‘‘താലിബാൻ അധികാരത്തിൽ വന്ന് 14 മാസം പിന്നിട്ടു. നിർഭാഗ്യവശാൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകിയ കർശന നിർദ്ദേശങ്ങൾ ആരും പാലിക്കുന്നില്ല. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനു സമാനമാണ് പെൺകുട്ടികളുടെ വസ്ത്രധാരണം. പഠനത്തിനായി സർകലാശാലകളിൽ എത്തുന്ന പെൺകുട്ടികൾ ഹിജാബുമായി ബന്ധപ്പെട്ട നിർദ്ദേശവും പാലിക്കുന്നില്ല’’ എന്ന് മന്ത്രി ആരോപിച്ചു.

ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്കു ചേർന്നതല്ലെന്നും മന്ത്രി വിശദീകരിച്ചു. എൻജിനീയറിങ്, അഗ്രികൾച്ചർ തുടങ്ങിയ ചില വിഷയങ്ങൾ വിദ്യാർഥിനികളുടെ അന്തസ്സിനും അഫ്ഗാൻ സംസ്കാരത്തിനും ചേരുന്നതല്ലെന്ന് മന്ത്രി വാദിച്ചു.

വനിതാ സർവകലാശാല വിദ്യാർത്ഥികളെ ബുധനാഴ്ച കാമ്പസുകളിൽ നിന്ന് തിരിച്ചയച്ചു. "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ" താൽക്കാലികമായി അവരുടെ പ്രവേശനം നിർത്തിവയ്ക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

തീരുമാനത്തിന് ശേഷം തലസ്ഥാനത്ത് നടന്ന ആദ്യത്തെ വലിയ പൊതു പ്രകടനത്തിൽ പ്രതിഷേധിക്കാൻ ഡസൻ കണക്കിന് സ്ത്രീകൾ വ്യാഴാഴ്ച കാബൂൾ സർവകലാശാലയ്ക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. അമ്പതോളം സ്ത്രീകൾ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി. “വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ്, സർവകലാശാലകൾ തുറക്കണം” എന്നവർ മുദ്രാവാക്യം മുഴക്കി.


സംഘത്തെ പിരിച്ചുവിടാൻ താലിബാൻ സുരക്ഷാ സേന മർദ്ദിച്ചതായി അസോസിയേറ്റഡ് പ്രസിന് ലഭിച്ച വീഡിയോയിൽ ഒരു സ്ത്രീ പറഞ്ഞു. “പെൺകുട്ടികളെ മർദ്ദിക്കുകയും ചാട്ടവാറുകൊണ്ടടിക്കുകയും ചെയ്തു. ചില പെൺകുട്ടികൾ അറസ്റ്റിലായി. എന്ത് സംഭവിക്കുമെന്ന് അറിയില്ല" എന്നും ആ സ്ത്രീ പറയുന്നു.

അതേസമയം നിരോധനം പിൻവലിക്കാണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സർവ്വകലാശാലകളിൽ ചേരുന്നതിൽ നിന്ന് തടഞ്ഞുകൊണ്ട് അവരെ "ഇരുണ്ട ഭാവിയിലേക്ക്" തള്ളിവിടാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് ബ്ലിങ്കെൻ പറഞ്ഞു.

ലോകത്തൊരിടത്തും പെൺകുട്ടികൾക്ക് ഇത്തരം വിലക്കില്ല. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങളെ ബഹുമാനിക്കാത്തിടത്തോളം കാലം താലിബാന് രാജ്യാന്തര അംഗീകാരം ലഭിക്കില്ലെന്നും അമേരിക്ക ഓർമിപ്പിച്ചു. സമൂഹത്തിൽനിന്ന് സ്ത്രീകളെ മായ്ച്ചു കളയാനുള്ള നീക്കങ്ങളുടെ ഭാഗമാണു വിലക്കെന്ന് യുഎൻ പ്രത്യേക പ്രതിനിധി കുറ്റപ്പെടുത്തി.

പുതിയ നിയമവും നടപ്പിലാക്കിയതോടെ സ്ത്രീകൾക്കു വിദ്യാഭ്യാസം പാടേ നിഷേധിക്കുന്ന പരമ്പരാഗത നിലപാട് ഉപേക്ഷിക്കുമെന്നും ഉദാരസമീപനമായിരിക്കുമെന്നും അധികാരം പിടിച്ചതിനു പിന്നാലെ താലിബാൻ നൽകിയ ഉറപ്പ് വെറുതെയായി.


പാശ്ചാത്യ പിന്തുണയുള്ള മുൻ സർക്കാർ തകരുകയും ഇസ്ലാമിന്റെ കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്ന തീവ്രവാദികൾ കാബൂൾ പിടിച്ചെടുക്കുകയും ചെയ്തതോടെ 20 വർഷത്തെ യുദ്ധത്തിന് ശേഷം 2021 ഓഗസ്റ്റിൽ അമേരിക്കൻ നേതൃത്വത്തിലുള്ള സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

ഹൈസ്കൂളുകൾക്കു പുറമേ സർവകലാശാലകളിൽകൂടി പെൺകുട്ടികൾക്കു പഠിപ്പുവിലക്കു പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്. വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനപ്പരീക്ഷയിൽ ആയിരക്കണക്കിനു പെൺകുട്ടികൾ ജയിച്ചത് 3 മാസം മുൻപായിരുന്നു.

എൻജിനീയറിങ്ങും സാമ്പത്തികശാസ്ത്രവും മാധ്യമപ്രവർത്തനവും പോലെയുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കരുതെന്ന കർശന നിർദേശം പെൺകുട്ടികൾക്ക് അനുസരിക്കേണ്ടി വന്നു. ആൺകുട്ടികളും പെൺകുട്ടികളും ക്ലാസിൽ ഒരുമിച്ച് ഇരിക്കരുതെന്നും പെൺകുട്ടികൾക്കായി അധ്യാപികമാർ തന്നെ വേണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു.

ഹൈസ്കൂൾ വിദ്യാഭ്യാസം നിരോധിച്ചുള്ള ഉത്തരവിനെതിരെ പ്രതിഷേധമുണ്ടായപ്പോൾ നീക്കം പി‍ൻവലിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിദ്യാഭ്യാസം നേടരുതെന്നു മാത്രമല്ല, സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും പാർക്കിലും ജിമ്മിലും നീന്തൽക്കുളങ്ങളിലും പോകരുതെന്നും അടുത്തയിടെ ഉത്തരവിറങ്ങി.

കഴിഞ്ഞ ദിവസം കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗഹാർ സർവകലാശാലയിലെ പുരുഷ മെഡിക്കൽ വിദ്യാർത്ഥികൾ തങ്ങളുടെ സഹപാഠികൾക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും നിന്ന് ഇറങ്ങിപ്പോയിരുന്നു. നിരവധി ക്രിക്കറ്റ് താരങ്ങളും വിലക്കിനെ പരസ്യമായി എതിർത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.