ക്രിസ്‌തുമസ്: ഒരു വിജയത്തിനും തോൽപ്പിക്കാനാവാത്ത തോൽവി

ക്രിസ്‌തുമസ്: ഒരു വിജയത്തിനും തോൽപ്പിക്കാനാവാത്ത തോൽവി

ലോകചരിത്രത്തിന്റെ രണ്ടായിരം വർഷങ്ങളെ വെൺമയുള്ള ഓർമകളുടെ മഞ്ഞുടുപ്പണിയിക്കുന്ന ആ മഹാസംഭവത്തിന്റെ പുണ്യസ്മരണകൾ വീണ്ടും ഉണരുകയായി - ക്രിസ്മസ്. നക്ഷത്രവിളക്കുകളും ആലക്തിക ദീപങ്ങളും നിരത്തി, വിണ്ണിനെ മണ്ണിലേക്കു വിളിച്ചിറക്കിയ ആ മഹാകാലത്തിന്റെ പുനർജനിക്കായി ലോകം ഹൃദയമൊരുക്കിക്കഴിഞ്ഞു. ചരിത്രം ചാമരം വീശുന്ന കാലത്തിന്റെ വാത്സല്യം മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്റെ തിരുപ്പിറവി. ലോകം മുഴുവൻ ജാതിമതഭേദമാന്യ തെഞ്ചിലേറ്റി ലാളിക്കുന്ന ഉണ്ണിയേശുവിന്റെ വിശുദ്ധ ഓർമകളുടെ ആഖ്യാനവും വ്യാഖ്യാനവുമായി വീണ്ടും ഡിസംബർ 25 ആഗതമാകുമ്പോൾ ഈ തിരുജനനം ഇന്നത്തെ കാലത്തിന്റെ നെറ്റിയിലെഴുതുന്നുണ്ട്, വ്യതിരക്തമായ ചില ചിന്തകൾ.

ക്രിസ്മസ് ഒരു തോൽവിയുടെ അടയാളപ്പെടുത്തലാണ്. ദൈവത്തിന്റെ തോല്വിയുടെ അടയാളപ്പെടുത്തലാണ്, അനുഭവക്കുറിപ്പുകളാണ്, ഓരോ ഡിസംബറിനും പറയാനുള്ളത്. മനുഷ്യനെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ദൈവം ബോധപൂർവം ഏറ്റുവാങ്ങിയ തോൽവിയുടെ ശൂന്യമാക്കലിന്റെ കഥയാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരം, ദൈവമായിരുന്നിട്ടും ദൈവികതയിൽനിന്നും മനുഷ്യത്വത്തി ലേക്ക് ദൈവപുത്രൻ ഇറങ്ങിവന്നു. പൂർണമനുഷ്യനായി ഭൂമിയിൽ ജീവിച്ചു. ലോകത്തിന്റെ അന്യായവിധിക്കൂട്ടിൽ അനാഥനായി. കുരിശിൽ തോൽവിയായി. എല്ലാ വിജയത്തിന്റെയും വിജയമായ ദൈവമാണ് ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത്. ആ പരാജയം ഒരു വിജയത്തിനും തോൽപിക്കാനാവാത്ത പരാജയമായിരുന്നു. കാരണം ദൈവം അങ്ങനെ സ്വയം ശൂന്യനായതുകൊണ്ടാണ് മനുഷ്യത്വത്തിന് വിജയമുണ്ടായത്. മനുഷ്യന് വിജയിക്കാൻ വേണ്ടി ദൈവം ഏറ്റുവാങ്ങിയ തോൽവിയാണ് ക്രിസ്മസ്.മറ്റുള്ളവരെ തോല്പിക്കുമ്പോൾ മാത്രമേ നമുക്കു വിജയിക്കാൻ കഴിയു എന്നു പഠിപ്പിക്കുന്ന ലോകക്രമത്തിലേക്കാണ് സ്വയം തോറ്റുകൊണ്ട് മറ്റുള്ളവരെ വിജയിപ്പിക്കാൻ സന്നദ്ധനായി ദൈവം ഇറങ്ങിവരുന്നത്. അതുകൊണ്ടാണ് ക്രിസ്തുമസിന്റെ ഈ സന്ദേശം ജാതിമതഭേദമില്ലാതെ ഏവർക്കും ഉൾക്കൊള്ളാൻ സാധിക്കുന്നത്.

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസുള്ളവർക്കു ശാന്തി എന്നാണ് ആദ്യത്തെ ക്രിസ്മസ് രാവിൽ ആകാശം നിറഞ്ഞ മാലാഖവൃന്ദം പാടിയത്. ഭൂമിയിൽ മനസമാധാനമുള്ള മുനുഷ്യാ നിറയുമ്പോഴാണ് സ്വർഗത്തിൽ ദൈവം മഹത്വപ്പെടുന്നത് എന്ന സത്യമാണ് മാലാലമാർ വെളിപ്പെടുത്തിയത്. മറ്റുള്ളവരെ എങ്ങനെയും തോല്പിച്ചു ജയിക്കാൻ വേണ്ടി വെട്ടും കുത്തും നടത്തി മുന്നേറുന്ന അക്രമത്തിന്റെയും അധികാരത്തിന്റെയും സ്വാർഥതയുടെയും അധീശൻമാർക്ക് ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ കഴിയുന്നുണ്ടോ? ഇല്ല എന്നത് ലോകചരിത്രം. അനേകം അശ്വമേധങ്ങൾ നടത്തി, മഹായുദ്ധ വിജയങ്ങളുടെ ചരിത്രമെഴുതിയ ചക്രവർത്തിമാർ, പക്ഷെ, അവശേഷിപ്പിച്ചത് പരാജയപ്പെട്ടവരുടെ നിലവിളികളായിരുന്നു. എന്നാൽ ലോകം മുഴുവൻ വെട്ടിപ്പിടിച്ചിട്ടും “മരിക്കുമ്പോൾ എന്റെ രണ്ടു കൈകളും ശവമഞ്ചത്തിന്റെ പൂറത്തേക്ക് വിടർത്തിയിടണം. ഞാൻ നേടിയതൊന്നും ഞാൻ കൊണ്ടുപോകുന്നില്ല എന്നു കാലം അറിയട്ടെ, എന്ന് ആവശ്യപ്പെട്ടത് , മറ്റാരുമല്ല,മഹാനായ അലക്സാണ്ടാണ്.

അങ്ങനെ സമർഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ് സോളമൻ തുടങ്ങിയുള്ള വിജ്ഞരും കാലചക്രവിഭ്രമത്തിൽ മറഞ്ഞുപോയെങ്കിലും മനുഷ്യകുലത്തിന് മരണമില്ലാത്ത ജീവതത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും നേടിക്കൊടുക്കാൻ ലോകത്തിനു മുന്നിൽ സമ്പൂർണ പരാജിതനായ വ്യക്തിയാണ് ക്രിസ്തു.

പുല്ലും പൂവും ഭൂവും വാനവും സൃഷ്ടിച്ച ദൈവത്തിന് കാലികൾ ചവച്ചുതുപ്പിയ പുട്ൽക്കൂട്ടിൽ വന്നു പി റക്കാൻ മാത്രം എളിമപ്പെടാമെങ്കിൽ മനുഷ്യനും പരസ്പരം വിനയത്തിന്റെ വിസ്മയലോകത്തിൽ ദൈവപുത്രന്റെ പകർപ്പവകാശികളാകണം എന്നാണ് ഈ ക്രിസ്മസ് നമ്മോടു പറയുന്നത്.

മറ്റുള്ളവരെ വിജയിപ്പിക്കാനായി ഏറ്റുവാങ്ങുന്ന എല്ലാ തോൽവികളും ഒരു വിജയത്തിനും തോല്പിക്കാനാവാത്ത തോൽവികളാണെന്നുള്ള പുതിയ പാഠത്തിന്റെ പാടശേഖരങ്ങളാകട്ടെ നമ്മുടെ ജീവിതങ്ങൾ. ആരെയും തോല്പിക്കാൻ പറ്റാത്തതുകൊണ്ട് എനിക്ക് വിജയിക്കുവാൻ കഴിയുന്നില്ല എന്ന നിരാശയുടെ പാഠം ജീവിതമാകുന്ന ഗ്രന്ഥത്തിൽ നിന്ന് നമുക്ക് കീറിക്കളയാം. പകരം മറ്റുള്ളവർക്ക് ജീവൻ നല്കാൻ സ്വയം ത്യാഗങ്ങൾ ഏറ്റുവാങ്ങാം. മറ്റുള്ളവർക്ക് ശാന്തി നല്കാൻ നമുക്ക് അശാന്തി സ്വന്തമാക്കാം. മറ്റുള്ളവർക്ക് സമൃദ്ധി നല്കാൻ നമുക്ക് ദരിദ്രരാകാം. മറ്റുള്ളവർക്ക് പട്ടുമെത്തയിലുറങ്ങാൻ നമുക്ക് പുൽക്കൂടുകൾ തേടി പ്പോകാം. അങ്ങനെ ആർക്കും തോല്പിക്കാനാവാത്ത വിജയത്തിന്റെ ഉടമകളാകാം.

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.