ഇന്ന് ക്രിസ്തുമസ്; മാനവ രക്ഷകന്റെ തിരുപ്പിറവിയെ ആഘോഷത്തോടെ വരവേറ്റ് ലോകം

ഇന്ന് ക്രിസ്തുമസ്; മാനവ രക്ഷകന്റെ തിരുപ്പിറവിയെ ആഘോഷത്തോടെ വരവേറ്റ് ലോകം

 കൊച്ചി: സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമായി ഒരു ക്രിസ്തുമസ് ദിനം കൂടി. സ്നേഹത്തിന്റെ സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്തുമസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.

'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം' ആശംസിച്ചാണ് ഓരോ വിശ്വാസിയും ക്രിസ്തുമസിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്നത്. പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും സമ്മാനങ്ങള്‍ നല്‍കിയും നന്മകള്‍ കൈമാറുകയാണ് ജനങ്ങള്‍. ക്രിസ്തുമസിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും ആഘോഷങ്ങളും നടന്നു. 

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പളളിയിലെ ഗായക സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളുമുണ്ടായിരുന്നു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ എറണാകുളം മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 

പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രലില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു. 

കോവിഡിന് ശേഷമുള്ള ക്രിസ്തുമസ് ദിനമായതിനാല്‍ തന്നെ ആഘോഷത്തിന് ഒരു കുറവും വരുത്താന്‍ മലയാളി ആഗ്രഹിക്കുന്നില്ല. ആഘോഷം പൊടിപൊടിക്കാന്‍ പടക്ക വിപണിയും ഇത്തവണ സജീവമായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനൊപ്പം കേക്കും മുറിച്ച് ക്രിസ്തുമസിന്റെ ആഘോഷം പങ്കുവയ്ക്കുകയാണ് ലോക ജനത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.