തിരുവനന്തപുരം: സഭ പരിസ്ഥിതിക്കെതിരല്ലെന്നും എന്നാല്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ.
ജനങ്ങളുടെ ഉത്കണ്ഠ കണക്കിലെടുക്കേണ്ടതുണ്ട്. ജീവിതം അല്ലെങ്കില്‍ മരണം എന്ന സാഹചര്യത്തില്‍ നില്‍ക്കുന്ന ജനങ്ങളുടെ പ്രതികരണം എങ്ങനെയാണെന്ന് പറയാനാകില്ലെന്ന് ക്ലീമീസ് ബാവ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി ലോല മേഖല ബാധിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെയാണ്. ഇവരെല്ലാം കയ്യേറ്റക്കാരല്ല. കര്‍ഷകര്‍ അവരുടെ പ്രശ്നവുമായി സമരരംഗത്തേക്ക് വരുമ്പോള്‍ പള്ളി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.
സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് സാറ്റലൈറ്റ് സര്‍വേ നടത്തുന്നതെന്ന കാര്യം അംഗീകരിക്കുന്നു. അതേസമയം അവിടെ ജീവിക്കുന്ന ജനങ്ങള്‍ എവിടെ പോകും? കര്‍ഷകരുടെ പ്രശ്നം എന്തുകൊണ്ട് ഗൗരവത്തോടെ കാണുന്നില്ല? ആര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്...ജനങ്ങള്‍ക്കോ, അതോ മൃഗങ്ങള്‍ക്കോ? - അദേഹം ചോദിച്ചു.
എന്തുകൊണ്ടാണ് ഈ ജനങ്ങളുടെ ദുരവസ്ഥ മറ്റുള്ളവര്‍ക്ക് ആശങ്കയായി മാറാത്തത്? ഈ വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ നയം കേരളം സ്വീകരിക്കണം. സീറോ ബഫര്‍സോണ്‍ എന്നതാണ് കേരളത്തിന്റെ നിലപാടെങ്കില്‍ ഒരാളും സര്‍ക്കാരിനെതിരെ എതിര്‍പ്പുമായി രംഗത്തു വരില്ലെന്ന് ക്ലീമീസ് ബാവ പറഞ്ഞു.
ഇത് പള്ളി മുന്നോട്ടു വെക്കുന്ന ഡിമാന്‍ഡല്ല. ഈ വിഷയത്തിന് പിന്നിലെ സമരത്തിലും പള്ളിയില്ല. കര്‍ഷകര്‍ അടക്കമുള്ള ജനങ്ങളുടെ പ്രശ്നം പള്ളി ഉയര്‍ത്തിക്കാട്ടുന്നു എന്നു മാത്രമാണുള്ളത്. മനുഷ്യരേക്കാള്‍ കൂടുതല്‍ മൂല്യം കടുവകള്‍ക്ക് നല്‍കുന്നതെന്തിനാണ്? മൃഗങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലം ഉറപ്പുവരുത്താന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യര്‍ക്ക് സ്ഥലമില്ലാതായിപ്പോകുകയാണ്.
വിഴിഞ്ഞം വിഷയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയത് ന്യായയുക്തമായ സമരമാണ്. അത് അതേ അര്‍ത്ഥത്തില്‍ തന്നെ പരിഗണിക്കേണ്ടതാണ്. അത് ക്രൈസ്തവ സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. സമരം ദീര്‍ഘകാലം നീണ്ടു നില്‍ക്കുക യുംകൈവിട്ടുപോകുന്ന അവസ്ഥ വരികയും സാമുദായിക ചേരിതിരിവ് രൂക്ഷമാകുകയും ചെയ്യുന്ന അവസ്ഥ വന്നു.
ഇത് സമൂഹത്തിന് ഒരു തരത്തിലും ഗുണകരമല്ല. ഈ ഘട്ടത്തിലാണ് പ്രശ്ന പരിഹാരത്തിനായി താന്‍ ഇടപെട്ടത്. ഒരു മതമേലധ്യക്ഷന്‍ സമൂഹത്തിലെ പ്രശ്നങ്ങളില്‍ ബോധവാനായ വ്യക്തിയാണ്. വിഴിഞ്ഞം ചര്‍ച്ചയില്‍ സംതൃപ്തിയുണ്ടെന്നും ക്ലീമിസ് ബാവ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.