ചില അഭിഭാഷകരുടെ കേസുകള്‍ വേഗം പരിഗണിക്കുന്നു; ജുഡീഷ്യറിക്കെതിരെ വീണ്ടും കേന്ദ്ര നിയമ മന്ത്രി

ചില അഭിഭാഷകരുടെ കേസുകള്‍ വേഗം പരിഗണിക്കുന്നു; ജുഡീഷ്യറിക്കെതിരെ വീണ്ടും കേന്ദ്ര നിയമ മന്ത്രി

ന്യൂഡല്‍ഹി: ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി വീണ്ടും കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. കോടതികളില്‍ കേസ് കുന്നുകൂടുകയാണ്. നീതി നടപ്പാക്കുന്നതിന് ഉത്തരവാദികളായ ആളുകള്‍ അവരുടെ ജോലി ചെയ്യുന്നതില്‍ പരാജയപ്പെടുന്നുവെന്നും കേന്ദ്ര നിയമ മന്ത്രി കുറ്റപ്പെടുത്തി.

ഹരിയാനയില്‍ അഖില ഭാരതീയ അധിവക്ത പരിഷദ് ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഏതാനും അഭിഭാഷകരുടെയും ജഡ്ജിമാരുടെയും അനാസ്ഥമൂലമാണ് രാജ്യത്ത് നീതി വൈകുന്നത്. ചില അഭിഭാഷകര്‍ നീതിന്യായ വ്യവസ്ഥയില്‍ കടന്നുകയറുന്നു.

നീതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്നും കിരണ്‍ റിജിജു പറഞ്ഞു. കേസുകള്‍ 10-15 വര്‍ഷമായി കെട്ടിക്കിടക്കുകയാണെന്ന് പറഞ്ഞ് നിരവധി ആളുകളാണ് തന്നെ സമീപിക്കുന്നത്. നീതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ആളുകള്‍ ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയില്‍ ചില അഭിഭാഷകരുടെ കേസുകള്‍ വേഗം പരിഗണിക്കുന്നു. വലിയ കേസുകള്‍ ചിലര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ചില വലിയ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തതിന് ശേഷം കേസ് വിജയിക്കുമെന്ന് കക്ഷികള്‍ക്ക് ഉറപ്പുനല്‍കുന്നു.

ചില അഭിഭാഷകര്‍ ഒരു തവണ ഹാജരാകാന്‍ 30-40 ലക്ഷം രൂപ ഈടാക്കുന്നു, ചിലര്‍ക്ക് ജോലിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ നിയമത്തിലെ വ്യവസ്ഥകള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. കോവിഡ് കാലത്ത് ഒരേസമയം ഒന്നിലധികം വെര്‍ച്വല്‍ ഹിയറിംങുകളില്‍ ഹാജരായി കോടികള്‍ സമ്പാദിച്ച അഭിഭാഷകര്‍ ഉണ്ടെന്ന് കിരണ്‍ റിജിജു പറഞ്ഞു.

ചില അഭിഭാഷകര്‍ക്ക് നിരവധി കേസുകള്‍ ലഭിച്ചു. ഒന്നിലധികം സ്‌ക്രീനുകള്‍ സ്ഥാപിക്കുകയും വ്യത്യസ്ത കേസുകളില്‍ ഒരേസമയം ഹാജരാകുകയും ചെയ്തു. അവര്‍ മികച്ചവരാണെന്ന് കരുതി ആളുകള്‍ അവരുടെ അടുത്തേക്ക് പോയതെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ അവര്‍ക്ക് കണക്ഷനുകള്‍ ഉള്ളതിനാല്‍ കേസുകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും എന്നതാണ് ആളുകള്‍ പോകാന്‍ കാരണം. ഇത് അങ്ങേയറ്റം ദയനീയമായ അവസ്ഥയാണെന്നും കിരണ്‍ റിജിജു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.