വ്യോമപരിധി ലംഘിച്ച് ഉത്തരകൊറിയന്‍ ഡ്രോണുകള്‍; വെടിവച്ചിട്ടതായി ദക്ഷിണ കൊറിയ; സംഘര്‍ഷാവസ്ഥ രൂക്ഷം

വ്യോമപരിധി ലംഘിച്ച് ഉത്തരകൊറിയന്‍ ഡ്രോണുകള്‍; വെടിവച്ചിട്ടതായി ദക്ഷിണ കൊറിയ; സംഘര്‍ഷാവസ്ഥ രൂക്ഷം

സോള്‍: വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ഉത്തര കൊറിയയുടെ ഡ്രോണുകള്‍ക്ക് നേരേ ദക്ഷിണ കൊറിയ വെടിയുതിര്‍ത്തു. ദക്ഷിണ കൊറിയയുടെ അതിര്‍ത്തിക്കുള്ളിലൂടെ ഉത്തര കൊറിയയുടെ അഞ്ച് ഡ്രോണുകളാണ് പറന്നത്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഡ്രോണുകളെ വെടിവച്ച് തുരത്തിയെന്ന് ദക്ഷിണ കൊറിയന്‍ വ്യോമസേന വ്യക്തമാക്കി. ഒരു ഡ്രോണിനെ വെടിവച്ച് വീഴ്ത്തി. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയന്‍ ഡ്രോണുകള്‍ ദക്ഷിണ കൊറിയയുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്.

ഡ്രോണുകളില്‍ ഒരെണ്ണം ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ നഗരത്തിന് സമീപമുള്ള വ്യോമമേഖല വരെയെത്തി. പിന്നാലെ ദക്ഷിണ കൊറിയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് വിന്യസിച്ചു. ഇരു രാജ്യങ്ങളും സോനാവിന്യാസവും നിരീക്ഷണവും ശക്തമാക്കിയതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഉത്തരകൊറിയയുടെ നടപടി അങ്ങേയറ്റം പ്രകോപനപരമാണെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രതികരിച്ചു. പ്രകോപനം ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു. പ്രകോപനത്തിന് മറുപടിയായാണ് വെടിയുതിര്‍ക്കുകയും യുദ്ധവിമാനങ്ങള്‍ വിക്ഷേപിക്കുകയും ചെയ്തതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഇഞ്ചിയോണ്‍, ഗിംപോ വിമാന ത്താവളങ്ങളുടെ പ്രവര്‍ത്തനം ഒരുമണിക്കൂര്‍ സമയത്തേക്ക് നിര്‍ത്തിവച്ചു. ആക്രമണ ഹെലികോപ്റ്ററുകള്‍ 100 റൗണ്ട് വെടിയുതിര്‍ത്തു. എന്നാല്‍, ഉത്തരകൊറിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവും ലഭിക്കേണ്ടതുണ്ട്.

ദക്ഷിണ കൊറിയയില്‍ മേഖലയില്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനങ്ങളിലൊന്നായ കെഎ1 ലൈറ്റ് അറ്റാക്ക് വിമാനം ടേക്ക്ഓഫിനിടെ തകര്‍ന്നുവീണെങ്കിലും രണ്ട് പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തരകൊറിയന്‍ ഡ്രോണ്‍ വിമാനങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായി ഉത്തരകൊറിയയിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ചിത്രീകരിക്കാന്‍ ദക്ഷിണ കൊറിയ അതിര്‍ത്തിക്കടുത്തും അപ്പുറത്തും നിരീക്ഷണം നടത്തിയതായും റിപോര്‍ട്ടുണ്ട്.

ദക്ഷിണ കൊറിയന്‍-യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളോടുള്ള പ്രതികരണമാണ് ഉത്തര കൊറിയയുടെ പ്രകോപനമെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.