മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തി; അവസാന മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ്  142 അടിയിലെത്തി; അവസാന മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 750 ഘനയടിയായി ഉയര്‍ത്തി. ഇന്ന് രാവിലെ 10 നാണ് ജലനിരപ്പ് 142 അടിയിലെത്തിയത്. ഇതോടെ തമിഴ്‌നാട് മൂന്നാമത്തെയും അവസാനത്തെയും ജാഗ്രതാ നിര്‍ദേശം നല്‍കി.

അതേസമയം അണക്കെട്ടിലേക്കുള്ള ഒഴുക്ക് സെക്കന്റില്‍ 1687.5 ഘനയടിയാണ്. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഇടുക്കിയിലേക്ക് തുറന്നു വിട്ടേക്കും.

രണ്ട് ദിവസമായി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് ആറിന് ജലനിരപ്പ് 141.85 അടിയിലെത്തിയിരുന്നു. ഒരാഴ്ച്ചയോളമായി അണക്കെട്ടില്‍ 141 അടിക്ക് മുകളിലാണ് ജലനിരപ്പ്.

അതിനിടെ സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴ മുന്നറിയിപ്പുണ്ട്. തെക്കന്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

കന്യാകുമാരിക്കും ലക്ഷദ്വീപിനും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ മഴ കിട്ടും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.