കോണ്‍ഗ്രസിന്റെ ക്ഷണം തള്ളി; ഭാരത് ജോഡോ യാത്രയില്‍ അഖിലേഷ് യാദവും മായാവതിയും പങ്കെടുക്കില്ല

കോണ്‍ഗ്രസിന്റെ ക്ഷണം തള്ളി; ഭാരത് ജോഡോ യാത്രയില്‍ അഖിലേഷ് യാദവും മായാവതിയും പങ്കെടുക്കില്ല

ലക്‌നൗ: ജനുവരി ആദ്യം ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പിയുടെ പരമോന്നത നേതാവ് മായാവതി എന്നിവര്‍ പങ്കെടുക്കില്ല.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരജ് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ഇവരെ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു.

ഇരുവര്‍ക്കുമൊപ്പം രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിയേയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചൗധരിയും മാര്‍ച്ചില്‍ ചേരില്ലെന്ന് പറഞ്ഞു.

അഖിലേഷ് യാദവ് നേരിട്ട് യാത്രയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ആരെയങ്കിലും യാത്രയുടെ ഒപ്പം ചേരാന്‍ അയക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശത്തിനോട് എസ്പിക്ക് യോജിപ്പുണ്ട്.

എന്നാല്‍ ഈ കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പരത്തി സാധ്യമായി നില്‍ക്കുന്ന സഖ്യത്തെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു എസ്പി വക്താവ് ഘനശ്യാം തിവാരിയുടെ പ്രതികരണം.

നിലവില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്നത് പതിവാക്കിയ നേതാവാണ് മായാവതി. സ്വാഭാവികമായും അവര്‍ യാത്രയില്‍ ചേരില്ലെന്ന് ഉറപ്പ്. തനിക്ക് വോട്ടു ചെയ്യണമെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കുമെന്നും വ്യക്തമാക്കിയാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

യാത്രയെ ആര്‍എല്‍ഡി പിന്തുണയ്ക്കുന്നുണ്ടെന്ന് പാര്‍ട്ടി വക്താവ് രോഹിത് ജാഖര്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ തന്നെ ആശയപരമായി യാത്രയ്ക്ക് ആര്‍എല്‍ഡി എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ജാഖര്‍ പറയുന്നു. എന്നാല്‍ നേരിട്ട് പങ്കെടുത്ത് അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.