ക്ഷമിക്കാനുള്ള കഴിവ് വളർത്താമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

ക്ഷമിക്കാനുള്ള കഴിവ് വളർത്താമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ഇക്കാലമത്രയും സഭയ്ക്ക് വേണ്ടി രക്തസാക്ഷികളായവരുടെയും പ്രത്യേകിച്ച് വിശുദ്ധ സ്തേഫാനോസിന്റെയും ക്ഷമിക്കാനുള്ള കഴിവിൽ നിന്ന് നാമെല്ലാവരും പാഠം ഉൾക്കൊള്ളാണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. വിശുദ്ധ സ്തേഫാനോസിന്റെ രക്തസാക്ഷിത്വത്തിരുനാൾ ആഘോഷിക്കുന്ന വേളയിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മാർപ്പാപ്പയുടെ ആഹ്വാനം.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പ ഈശോയുടെ തിരുപ്പിറവിയെ വരവേറ്റ ദിവസം തുടങ്ങി ജനുവരി ഒന്ന് വരെ തുടർച്ചയായ എട്ട് ദിവസങ്ങൾ തിരുകർമ്മങ്ങൾ നീണ്ടുനിൽക്കുമെന്നും അറിയിച്ചു.

രക്തസാക്ഷിത്വത്തിന്റെ ദിനങ്ങൾ

ഈ എട്ട് ദിവസങ്ങളിൽ ചില സവിശേഷതകൾ നിറഞ്ഞ രക്തസാക്ഷികളെ നാം അനുസ്മരിക്കുകയാണ്. തിങ്കളാഴ്ച ആദ്യ ക്രൈസ്തവ രക്‌തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിനെയും ബുധനാഴ്ച തന്റെ സിംഹാസനം കൈക്കലാക്കുമോയെന്ന ഭയത്താൽ ഹേറോദേസ് രാജാവിനാൽ വധിക്കപ്പെട്ട കുഞ്ഞിപ്പൈതങ്ങളെയുമാണ് നാം ഓർക്കുന്നത്.


വിശുദ്ധ സ്തേഫാനോസ്

ചുരുക്കത്തിൽപ്പറഞ്ഞാൽ ഈ ദിവസങ്ങളിൽ നാം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ദീപാലങ്കാരങ്ങളുടെയും വിരുന്നുകളുടെയും സമ്മാനങ്ങളുടെയും ലോകത്തിൽനിന്ന് ഈ തിരുകർമ്മങ്ങൾ നമ്മെ അകറ്റി എന്നുവരാം. അങ്ങനെ ഈ ദിവസങ്ങളിൽ നമുക്ക് പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകാം പാപ്പ ഉദ്‌ബോധിപ്പിച്ചു.

"കാരണം ക്രിസ്തുമസ് എന്നത് ഒരു രാജാവിന്റെ ജനനത്തെക്കുറിച്ചുള്ള കെട്ടുകഥയല്ല, മറിച്ച് നമ്മുടെ തിന്മകളാകുന്ന സ്വാർത്ഥതയും പാപവും മരണവും സ്വയം ഏറ്റെടുത്തുകൊണ്ട് നമ്മെ തിന്മയിൽ നിന്ന് മോചിപ്പിക്കാനായി എത്തിയ രക്ഷകന്റെ വരവാണ്" എന്ന് ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു.

ക്രിസ്തുവിന് സാക്ഷ്യം വഹിക്കാം

രക്തസാക്ഷികളാണ് യേശുവിനോട് ഏറ്റവും സാമ്യമുള്ളവരെന്ന് പാപ്പ ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ രക്തസാക്ഷി എന്ന വാക്കിന്റെ അർത്ഥം സാക്ഷ്യമേകുന്നവൻ എന്നാണ്. രക്തസാക്ഷികൾ സാക്ഷികളാണ്, അതായത്, കരുണ കൊണ്ട് തിന്മയെ വിജയിച്ച് യേശുവിനെ തങ്ങളുടെ ജീവിതം കൊണ്ട് കാട്ടിത്തരുന്ന നമ്മുടെ സഹോദരീസഹോദരന്മാരായ സാക്ഷികളാണ് അവർ എന്നും മാർപ്പാപ്പ വ്യക്തമാക്കി.

നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലും അനേകം രക്തസാക്ഷികൾ ഉണ്ട്. മുൻകാലങ്ങളിലേക്കാൾ ഇന്നാണ് കൂടുതലായി രക്തസാക്ഷികൾ ഉള്ളത്. ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന, പീഡിപ്പിക്കപ്പെടുന്ന നമ്മുടെ ഈ സഹോദരീസഹോദരന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ മാർപ്പാപ്പ എല്ലാവരേയും ക്ഷണിച്ചു.

ഒപ്പം ക്രിസ്തുവിന് നാം സാക്ഷ്യം നൽകുന്നുണ്ടോ എന്ന് സ്വയം ചോദിക്കാൻ നമുക്ക് പരിശ്രമിക്കാമെന്നും അതിന് വിശുദ്ധ സ്തേഫാനോസിന്റെ വ്യക്തിത്വം നമ്മെ സഹായിക്കുമെന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

വിശുദ്ധ സ്തേഫാനോസിന്റെ സാക്ഷ്യം

ജറുസലേമിലെ സമൂഹം ഭക്ഷണമേശകളിലെ ശുശ്രൂഷയ്‌ക്കായി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച ഏഴ് ഡീക്കന്മാരിൽ ഒരാളായിരുന്നു വിശുദ്ധ സ്തേഫാനോസ് എന്നാണ് അപ്പസ്തോലപ്രവർത്തനങ്ങൾ നമ്മോട് പറയുന്നതെന്ന് മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

"അദ്ദേഹം തന്റെ പ്രഥമസാക്ഷ്യം വാക്കുകളിലൂടെയല്ല, മറിച്ച് ദരിദ്രരെ സേവിക്കുന്നതിനായി കാണിച്ച സ്നേഹത്തിലൂടെയാണ് നൽകിയത് എന്നാണ് ഇതിനർത്ഥം." എന്നാൽ സ്തേഫാനോസ് ഈ സേവനപ്രവർത്തനത്തിൽ മാത്രമായി തന്നെത്തന്നെ ഒതുക്കിനിറുത്തിയില്ല. പകരം താൻ കണ്ടുമുട്ടിയ എല്ലാവരോടുമായി അദ്ദേഹം യേശുവിനെക്കുറിച്ച് സംസാരിച്ചുവെന്നും എന്നും പാപ്പ വിശദീകരിച്ചു.

വചനം സ്വീകരിക്കുകയും അതിന്റെ സൗന്ദര്യത്തെ ഏവരെയും അറിയിക്കുകയും ചെയ്തുകൊണ്ട് യേശുവുമായുള്ള കണ്ടുമുട്ടൽ എങ്ങനെയാണ് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നത് എന്ന് വ്യക്തമാക്കുകയായിരുന്നു വിശുദ്ധ സ്തേഫാനോസിന്റെ സാക്ഷ്യത്തിന്റെ രണ്ടാമത്തെ മാനം.

കൂടാതെ, സ്തേഫാനോസ് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സാക്ഷ്യം, കാരുണ്യവും പ്രഘോഷണവും എപ്രകാരം ഏകീകരിക്കാമെന്ന് അറിഞ്ഞുവെന്നതായിരുന്നുവെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

“യേശുവിന്റെ മാതൃക പിന്തുടർന്ന്, തന്റെ കൊലയാളികളോട് വിശുദ്ധ സ്തേഫാനോസ് ക്ഷമിച്ചപ്പോൾ, മരണത്തിന്റെ നിമിഷത്തിൽ പോലും കാരുണ്യം, പ്രഘോഷണം, ക്ഷമ എന്നീ സാക്ഷ്യങ്ങൾ അവൻ നമുക്കായി നൽകി" പാപ്പ ഊന്നിപ്പറഞ്ഞു.

ക്ഷമ

ഇവിടെയാണ് നമ്മുടെ ചോദ്യത്തിനുള്ള ഉത്തരം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചു.

"നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള സ്നേഹം, ദൈവവചനത്തോടുള്ള വിശ്വസ്തത, ക്ഷമ എന്നിവയിലൂടെ നമുക്ക് നമ്മുടെ സാക്ഷ്യം മെച്ചപ്പെടുത്താൻ സാധിക്കും. ദൈവത്തിന്റെ വചനം അനുസരിച്ച് നാം ജീവിക്കുന്നുണ്ടോയെന്നും മറ്റുള്ളവരോട് കാരുണ കാണിക്കാറുണ്ടോയെന്നും യഥാർത്ഥത്തിൽ നമ്മെ മനസിലാക്കി തരുന്നത് നാം ക്ഷമിക്കാറുണ്ടോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.

"ഈ ദിവസങ്ങളിൽ നാം കണ്ടുമുട്ടുന്ന അനേകരിൽ, നമ്മെ മുറിപ്പെടുത്തിയ, നമുക്ക് യോജിച്ചുപോകാൻ സാധിക്കാതിരുന്ന, ബന്ധങ്ങൾ വീണ്ടും തുന്നിച്ചേർത്തുപിടിപ്പിക്കാതിരുന്ന ചിലരോടും ക്ഷമിക്കാനുള്ള നമ്മുടെ കഴിവിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം" എന്നും ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു.


കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.