മൂന്ന് വർഷങ്ങൾക്ക് ശേഷം ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്; വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുന്നു

മൂന്ന് വർഷങ്ങൾക്ക് ശേഷം ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്; വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുന്നു

ബെയ്ജിങ്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി ചൈന. ജനുവരി എട്ടുമുതല്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റീന്‍ ചൈന ഒഴിവാക്കുന്നതായി ബിബിസി റിപ്പോര്‍ട്ടുചെയ്തു. മൂന്ന് വർഷത്തിന് ശേഷമാണ് ചൈന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്.

ജോലിക്കും പഠനത്തിനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനുമായി എത്തുന്നവര്‍ക്കുവേണ്ടി ചൈന അതിര്‍ത്തികള്‍ തുറക്കും. ചൈനീസ് പൗരന്മാരെ വിദേശയാത്ര നടത്താനും അനുവദിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ബിബിസിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.

2020 മാര്‍ച്ച് മുതല്‍ വിദേശത്തുനിന്ന് ചൈനയില്‍ എത്തുന്ന എല്ലാവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധിതമാക്കിയിരുന്നു. മൂന്നാഴ്ച ആയിരുന്നു നിര്‍ബന്ധിത ക്വാറന്റീന്‍. പിന്നീടത് അഞ്ച് ദിവസമായി ചുരുക്കിയിരുന്നു. ഇതാണ് ഇപ്പോൾ മാറ്റം വരുത്തുന്നത്.

ചൈനയില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള നീക്കം. ആശുപത്രികള്‍ നിറഞ്ഞുവെന്നും പ്രായംചെന്ന നിരവധിപേര്‍ മരിക്കുന്നുവെന്നുമാണ് ചൈനയില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കണക്കുകള്‍ പുറത്തുവിടുന്നത് അധികൃതര്‍ അവസാനിപ്പിച്ചതിനാല്‍ കോവിഡ് ബാധിതരുടെ എണ്ണമോ, യഥാര്‍ഥ മരണ കണക്കുകളോ വ്യക്തമല്ല.

കഴിഞ്ഞയാഴ്ചയില്‍ ബെയ്ജിങ്ങില്‍മാത്രം പ്രതിദിനം 4000-ത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് വിവരം. കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ചൈനയില്‍ പ്രതിദിനം 5000-ത്തോളം പേര്‍ മരിക്കുന്നുവെന്നുമാണ് ബ്രിട്ടീഷ് ഹെല്‍ത്ത് ഡേറ്റ സ്ഥാപനമായ എയര്‍ഫിനിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചൈനയുടെ സീറോ കോവിഡ് നയം ജനത്തിന് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രണങ്ങള്‍ ബാധിച്ചു. അതിനിടെ കോവിഡ് നിയന്ത്രണങ്ങളില്‍ മനംമടുത്ത ജനങ്ങള്‍ നവംബറില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതോടെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.