തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ കേസ് തള്ളണമെന്ന കോര്‍പറേഷന്റെ ആവശ്യം നിരസിച്ച് തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാന്‍. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തില്‍ ഓംബുഡ്‌സ്മാന് മുന്നിലുള്ള കേസ് തള്ളണമെന്ന കോര്‍പറേഷന്‍ സെക്രട്ടറിയുടെ ആവശ്യമാണ് ഓംബുഡ്‌സ്മാന്‍ തള്ളിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് ആണ് ഹര്‍ജി നല്‍കിയത്.
സുധീര്‍ഷാ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ ഹര്‍ജിയില്‍നിന്ന് വ്യത്യസ്തമാണെന്ന് ഓംബുഡ്‌സ്മാന്‍ നിരീക്ഷിച്ചു. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിശോധിക്കും. ഫെബ്രുവരി 22 ന് കേസില്‍ തുടര്‍വാദം കേള്‍ക്കും.
അതേസമയം നഗരസഭ നിയമന കത്ത് വിവാദത്തില്‍ സമരക്കാരെ വീണ്ടും ചര്‍ച്ചക്ക് വിളിപ്പിച്ചിരിക്കുകയാണ് തദ്ദേശവകുപ്പ് മന്ത്രി. ഈ മാസം 30 ന് മന്ത്രി എംബി രാജേഷിന്റെ ചേംബറിലാണ് ചര്‍ച്ച. ഇത് രണ്ടാം തവണയാണ് മന്ത്രിതല ചര്‍ച്ച വിളിക്കുന്നത്.
സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ജില്ലാ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയുമാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ജനുവരി മുതല്‍ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു.
വിഷയത്തില്‍ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. സി.ജയന്‍ ബാബു, ഡി.കെ. മുരളി, ആര്‍.രാമു എന്നിവരാണ് കമ്മിഷനിലുള്ളത്. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധില്‍ ജനുവരി ഏഴിന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6 ന് കോര്‍പറേഷന്‍ ഓഫീസ് വളയാനും ബിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമരക്കാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.