വാഷിംഗ്ടണ്‍: അമേരിക്കൻ-മെക്‌സിക്കോ അതിർത്തി കടക്കുന്നതിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ തടഞ്ഞ ട്രംപിന്റെ കാലത്തെ വിവാദ നയം നിലനിർത്താൻ അമേരിക്കൻ സുപ്രീം കോടതിയുടെ ശുപാർശ. രാജ്യത്തിന്റെ കുടിയേറ്റ നയത്തിൽ മാറ്റം വരുത്താനുള്ള ബൈഡൻ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ് കോടതിയുടെ തീരുമാനം.
ടൈറ്റിൽ 42 പദ്ധതിക്ക് കീഴിൽ പൊതുജനാരോഗ്യ കാരണങ്ങളാൽ കുടിയേറ്റക്കാരെ പുറത്താക്കുന്നത് തടയാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രവേശനത്തിനായി അനുമതി തേടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ സ്വയമേവ പുറത്താക്കാൻ ടൈറ്റിൽ 42 സർക്കാരിന് അധികാരം നൽകുന്നുണ്ട്. നയം പിൻവലിക്കാനുള്ള സാധ്യത അതിർത്തിയിലെ കുടിയേറ്റക്കാരുടെ എണ്ണം ഉയരുമെന്ന ആശങ്കയ്ക്ക് കാരണമായിരുന്നു.
ബൈഡൻ ഭരണകൂടം വിധിക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും കുടിയേറ്റ നയം പരിഷ്കരിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
"ടൈറ്റിൽ 42 വിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരുമ്പോൾ അതിർത്തിയിലെ നടപടികൾ സുരക്ഷിതമായും ചിട്ടയോടെയും മാനുഷികമായും കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. കൂടാതെ കുടിയേറ്റത്തിനുള്ള നിയമപരമായ വഴികൾ വിപുലീകരിക്കുന്നത് തുടരും" എന്നും ബൈഡന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ടൈറ്റിൽ 42 നീക്കം ചെയ്യുന്നത് “നമ്മുടെ അതിർത്തിയിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമായിരുന്നു. എന്നാൽ ഇത്തരം ഒരു പ്രശ്നം ഉണ്ടാകുന്നതിന് വൈറ്റ് ഹൗസ് അനുവാദം നൽകുന്നതായി തോന്നുന്നു” എന്ന് ലൂസിയാനയിലെ റിപ്പബ്ലിക്കൻ സെനറ്ററായ ബിൽ കാസിഡി പറഞ്ഞു. ടൈറ്റിൽ 42 സംരക്ഷിക്കാൻ സുപ്രീം കോടതി ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും എന്നാൽ ശാശ്വതമായ പരിഹാരം വേണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം ഈ നീണ്ട കാത്തിരിപ്പ് തന്റെ ഹൃദയത്തെ അതീവ ദുഖത്തിലാഴ്ത്തുന്നുവെന്ന് മെക്സിക്കൻ അതിർത്തി നഗരമായ ടിജുവാനയിലെ വെനസ്വേലൻ കുടിയേറ്റക്കാരനായ മിഗുവൽ കോൾമെനറസ് പറഞ്ഞു. “എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, കൈയിൽ പണമൊന്നുമില്ല, എന്റെ കുടുംബം എന്നെ കാത്തിരിക്കുകയാണ്” എന്ന് ഈ 27 കാരൻ ദുഖത്തോടെ കൂട്ടിച്ചേർത്തു.
ടൈറ്റിൽ 42 പദ്ധതി 2020 മാർച്ച് മുതൽ ഏകദേശം 2.5 ദശലക്ഷം പേരെ രാജ്യത്തിന് പുറത്താക്കാൻ ഉപയോഗിച്ചു. ട്രംപിന്റെ കാലത്തെ പരിപാടി അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ആണ് വിഷയത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്.
യഥാർത്ഥത്തിൽ ഈ കുടിയേറ്റ നയത്തിന്റെ കാലാവധി ഡിസംബർ 21 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ സമയപരിധിക്ക് രണ്ട് ദിവസം മുമ്പ് ചീഫ് സുപ്രീം കോടതി ജസ്റ്റിസ് ജോൺ റോബർട്ട്സ് ടൈറ്റിൽ 42 പദ്ധതി അവസാനിക്കുന്നത് തടയാൻ താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ചില സംസ്ഥാനങ്ങൾ ഈ നയം നിലനിൽക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര അപ്പീലിലായിരുന്നു കോടതിയുടെ തീരുമാനം. തുടർന്ന് ചൊവ്വാഴ്ച ജസ്റ്റിസ് റോബർട്ട്സ് ഉത്തരവിട്ട താൽക്കാലിക സ്റ്റേ നീട്ടാൻ സുപ്രീം കോടതി 5-4 എന്ന നിലയിൽ വോട്ട് ചെയ്തു.
കൂടാതെ, നയത്തിന്റെ പ്രതിരോധത്തിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള വാക്കാലുള്ള വാദങ്ങൾ ഒമ്പത് സുപ്രീം കോടതി ജസ്റ്റിസുമാർ കേൾക്കും. 2023 ഫെബ്രുവരിയിലോ മാർച്ചിലോ വാദം നടക്കാൻ സാധ്യതയുണ്ട്. ജൂൺ അവസാനത്തോടെ തീരുമാനമുണ്ടാകും. അതിനിടയിൽ കുടിയേറ്റക്കാരെ പുറത്താക്കുന്ന നടപടികൾ തുടരും.
ആളുകൾക്ക് അഭയം നൽകാനുള്ള അന്താരാഷ്ട്ര ബാധ്യതകൾക്ക് വിരുദ്ധമാണെന്ന് വാദിച്ച് ടൈറ്റിൽ 42 അവസാനിപ്പിക്കാൻ കേസ് നൽകിയ ഇമിഗ്രേഷൻ പ്രവർത്തകർക്ക് ഈ തീരുമാനം തിരിച്ചടിയാകും.
കഴിഞ്ഞ ആഴ്ച സമർപ്പിച്ച കോടതി രേഖകളിൽ ടൈറ്റിൽ 42 ഉത്തരവ് നിർത്തലാക്കുന്നത് "അതിർത്തിയിലെ ചട്ടങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകുന്നതിനും നിയമവിരുദ്ധമായി അതിർത്തി കടക്കുന്നതിന്റെ താൽക്കാലിക വർദ്ധനവിനും ഇടയാക്കും" എന്ന് സർക്കാർ തിരിച്ചറിഞ്ഞതായി സോളിസിറ്റർ ജനറൽ എലിസബത്ത് പ്രെലോഗർ പറഞ്ഞു.
ആ പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കാൻ സർക്കാർ ഒരു തരത്തിലും ശ്രമിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ആ കുടിയേറ്റ പ്രശ്‌നത്തിനുള്ള പരിഹാരം അനിശ്ചിതകാലത്തേക്ക് ഒരു പൊതു-ആരോഗ്യ നടപടിയായി നീട്ടാൻ കഴിയില്ല. കാരണം അത് ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്ന പൊതുജനാരോഗ്യ ന്യായീകരണത്തെ അതിജീവിച്ചു കഴിഞ്ഞതായും പ്രെലോഗർ വ്യക്തമാക്കി.
അതിർത്തിയിൽ പ്രാദേശിക സർക്കാരുകളും മാനുഷിക സംഘടനകളും ഇതിനകം തന്നെ സമ്മർദ്ദത്തിലാണെന്നും അഭയാർഥികളുടെ അധിക പ്രവാഹത്തിന് അവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉദാഹരണമായി ടെക്സസ് നഗരമായ എൽ പാസോയിലെ തെരുവുകളിൽ അഭയം തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് നേരിടാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി അധികാരികൾ കഴിഞ്ഞ ആഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നഗരത്തിലെ കൺവെൻഷൻ സെന്ററിൽ 1,000 കിടക്കകളുള്ള താൽക്കാലിക ഷെൽട്ടർ സ്ഥാപിക്കുകയും ചെയ്തു.
മാത്രമല്ല ടൈറ്റിൽ 42 എടുത്തുകളയുന്ന സ്ഥിതിവിശേഷം ഉണ്ടായാൽ "കൂടുതൽ ചാരന്മാരെ" രാജ്യത്ത് പ്രതീക്ഷിക്കണമെന്ന് പ്രാദേശിക സർക്കാരിതര സംഘടനകളോട് പറഞ്ഞിട്ടുണ്ടെന്ന് എൽ പാസോൻസ് ഫൈറ്റിംഗ് ഹംഗർ ഫുഡ്ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് സൂസൻ ഗുഡൽ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.