തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ റിസോട്ട് വിവാദം കത്തി നിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരും. ഇപിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തന്നെയാകും സെക്രട്ടേറിയറ്റ് യോഗത്തിലെ പ്രധാന ചർച്ച. കണ്ണൂരിലെ റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ മറുപടി പറയാനാണ് ഇ.പി. ജയരാജന്റെ തീരുമാനം.
ആയുർവേദ റിസോർട്ട് ഉൾപെടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജന്റെ ആരോപണം പാർട്ടിക്കുള്ളിൽ തന്നെ പ്രതിരോധിക്കാനാണ് നീക്കം. നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് ഇപി വിശദീകരിക്കും. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ടിന്റെ മുൻ എംഡി കെ.പി. രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ വാദം.
റിസോര്‍ട്ടിലെ മാനേജ്മെന്റിലെ പടലപ്പിണക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നാണ് ഇപിയുടെ വാദം. മാത്രമല്ല വ്യവസായം വരുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും അതിനായി വ്യവസായികളെ ഒരുമിപ്പിക്കുകയുമാണ് താന്‍ ചെയ്തത്.
നാട്ടിൽ തുടങ്ങുന്ന ഒരു ആയുവേദ ആശുപത്രിക്ക് സഹായങ്ങൾ ചെയ്തു എന്നത് മാത്രമാണ് തന്റെ റോൾ. മകന് പത്ത് ലക്ഷവും ഭാര്യയ്ക്ക് ജില്ല ബാങ്കിൽ നിന്ന് കിട്ടിയ വിരമിക്കൽ ആനുകൂല്യങ്ങളും റിസോർട്ടിൽ നിക്ഷേപമാക്കിയിട്ടുണ്ട്. ഇതില്‍ പാര്‍ട്ടി വിരുദ്ധമായി ഒന്നുമില്ലെന്നുമാണ് ഇപിയുടെ വാദം.
സ്ഥാപനത്തിന്റെ എംഡിയായിരുന്ന വ്യവസായി കെ.പി രമേഷ് കുമാറിനായിരുന്നു വൈദീകത്തിന്റെ നിർമ്മാണ കോൺട്രാക്ടും കൊടുത്തത്. നിർമ്മാണത്തിലെ സാമ്പത്തീക ക്രമക്കേട് കണ്ടെത്തിയതോടെ ഡയറക്ടർ ബോർഡ് ചർച്ചചെയ്ത് രമേഷ് കുമാറിനെ എംഡിസ്ഥാനത്ത് നിന്ന് നീക്കി. ഇയാൾക്കെതിരെ ബോർഡ് അന്വേഷണവും നടത്തുന്നുണ്ട്. ഈ നീക്കത്തിന് പിന്നിൽ താനാണെന്ന് തെറ്റിദ്ധരിച്ച് മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് രമേഷ് കുമാറെന്ന് ഇപി സെക്രട്ടറിയേറ്റിൽ വിശദീകരിക്കും.
രമേഷ് കുമാറിന്റെ വാദങ്ങളാണ് പി. ജയരാജൻ അനധികൃത സ്വത്ത് സമ്പാദനമെന്ന ഗുരുതര ആരോപണം ഉന്നയിക്കാൻ കൂട്ടുപിടിച്ചതെന്നും വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞതിലെ രാഷ്ട്രീയ ലക്ഷ്യം പരിശോധിക്കണമെന്നും ഇപി സെക്രട്ടറിയേറ്റിൽ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
തന്നെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതും കാഞ്ഞങ്ങാട്ട് പ്രസംഗിച്ചതും ചൂണ്ടിക്കാട്ടും. തെറ്റുകാരനെങ്കിൽ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും അറിയിക്കും.
ഇപിയുടെ വിശദീകരണത്തോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ സെക്രട്ടറിയേറ്റിൽ തന്നെ പറഞ്ഞുതീർക്കാനാണ് നീക്കമെന്ന അഭ്യൂഹം ശക്തമാണ്. അതേസമയം പി.ജയരാജന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ അന്വേഷണം വേണമെന്നാണ് പൊതു അഭിപ്രായമെങ്കിൽ ഇപിയ്ക്ക് മുന്നോട്ടുള്ള യാത്ര പ്രയാസകരമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.