ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ബ്രഹ്മോസ് മിസൈലിന്റെ കൂടിയ ദൂരപരിധിയുള്ള സുഖോയ് 30 വിജയകരമായി പരീക്ഷിച്ചു. എക്സ്റ്റന്‍ഡഡ് റേഞ്ചില്‍ എസ്യു-30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലിലെ കപ്പല്‍ ലക്ഷ്യമാക്കിയാണ് ആദ്യ പരീക്ഷണം നടത്തിയത്. മിസൈല്‍ ലക്ഷ്യം ഭേദിച്ചതായും ഇതിലൂടെ കരയിലും കടലിലുമുള്ള ലക്ഷ്യസ്ഥാനങ്ങളെ ദൂരെനിന്നു കൃത്യതയോടെ ആക്രമിക്കാനുള്ള ശേഷി വ്യോമസേന കൈവരിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈലിന്റെ എക്സ്റ്റന്‍ഡഡ് റേഞ്ച് ശേഷിയും എസ്യു-30എം കെ ഐ വിമാനത്തിന്റെ ഉയര്‍ന്ന പ്രകടനവും ഇന്ത്യന്‍ വ്യോമസേനയ്ക്ക് തന്ത്രപരമായ നേട്ടം നല്‍കുകയും ഭാവിയിലെ യുദ്ധക്കളങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
400 കിലോമീറ്ററാണ് മിസൈലിന്റെ പരമാവധി ദൂരപരിധി. ഈ വര്‍ഷം മേയില്‍ 350 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള സൂപ്പര്‍സോണിക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. വ്യോമ, നാവിക സേനകളും ഡിആര്‍ഡിഒ, എച്ച്എഎല്‍, ബ്രഹ്മോസ് എയ്‌റോസ്‌പെയ്‌സ് എന്നീ സ്ഥാപനങ്ങളും സംയുക്തമായാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്.
എയര്‍ഫോഴ്സ്, ഇന്ത്യന്‍ നേവി, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), ബ്രഹ്മോസ് എയ്റോസ്പേസ് (ബിഎപിഎല്‍) എന്നിവയുടെ സംയുക്ത ശ്രമമാണ് വിജയകരമായ പരീക്ഷണത്തിന് പിന്നിലെന്നും ഇന്ത്യന്‍ വ്യോമസേന ട്വിറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.