സാവോപോളോ: കാലുകളില്‍ നെയ്‌തെടുത്ത മാന്ത്രികതയായിരുന്നു എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോയെ പെലെയാക്കി ഉയര്‍ത്തിയത്. ലോക ഫുട്‌ബോളില്‍ താരങ്ങള്‍ ഏറെ വന്നിട്ടുണ്ടെങ്കിലും ഒരേ ഒരു രാജാവേ ഉണ്ടായിട്ടുള്ളു. അത് പെലെയാണ്.
വിദഗ്ദനായ ഒരു സര്‍ജന്റെ കൃത്യതയായിരുന്നു പെലെ മൈതാനത്ത് കാഴ്ച്ചവച്ചത്. കാലമെത്ര കഴിഞ്ഞിട്ടും ആ മാന്ത്രികതയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഫുട്‌ബോള്‍ ലോകത്തിനു കഴിഞ്ഞിട്ടില്ല.
എതിരാളികളുടെ ചലനങ്ങള്‍ മുന്‍ കൂട്ടി കാണുന്നതിനൊപ്പം രണ്ട് കാലുകള്‍ക്കൊണ്ടും ഷോട്ട് ഉതിര്‍ക്കുവാനും പെലെക്ക് കഴിഞ്ഞിരുന്നു. സ്ട്രൈക്കറായിരിക്കുമ്പോള്‍ തന്നെ ഫൈനല്‍ തേര്‍ഡ്ല്‍ നിന്നും താഴേക്കിറങ്ങാനും പ്ലേ മേക്കിങ് റോള്‍ ഏറ്റെടുക്കാനും അയാള്‍ക്ക് സാധിച്ചു. അസാധ്യമായ വിഷനും പാസിങ് റേഞ്ചും, അനായാസ സുന്ദരമായ ബ്രസീലിയന്‍ നൃത്തത്തെ ഓര്‍മിക്കും പോലുള്ള ഡ്രിബ്ബ്‌ളിങ്ങും അയാളെ എന്നും ഒന്നാമതെത്തിച്ചു.
ഒരു ദരിദ്ര ബ്രസീലിയന്‍ കുടുംബത്തില്‍ നിന്ന്, ഷൂ വൃത്തിയാക്കുന്ന പയ്യനില്‍ നിന്നും ലോകം ജയിച്ച, അന്താരാഷ്ട്ര സൂപ്പര്‍സ്റ്റാറിലേക്കുള്ള പെലെയുടെ വരവ് ഫുട്ബോളിന്റെ സാമൂഹിക സ്വാധീനത്തിന്റെ, വിമോചന സ്വപ്‌നങ്ങളുടെ തെളിവായിരുന്നു.
അതിദരിദ്രരായ മറ്റു ബ്രസീലുകാര്‍ക്ക്, ലോകത്തിലെ മുഴുവന്‍ അധകൃതര്‍ക്ക്, തങ്ങള്‍ക്കും തങ്ങളുടെ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ഉറവിടമായിരുന്നു പെലെ.
സ്‌കൂള്‍ പഠനകാലത്ത് സഹപാഠികള്‍ പെലെ എന്ന വിളിപ്പേര് സമ്മാനിക്കുമ്പോള്‍
എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോ വിചാരിച്ചത് തന്റെ പ്രിയതാരം വാസ്‌കോഡഗാമ ക്ലബിന്റെ ഗോളി ബൈലിന്റെ പേരിനോട് സാമ്യം വരാനെന്ന്. കാരണം മാതൃഭാഷയില്‍ ആ പേരിന് ഒരു അര്‍ഥവും ഇല്ലായിരുന്നു. പക്ഷേ ഹീബ്രുവില്‍ മിറക്കിള്‍ എന്നര്‍ഥം ഉണ്ടായിരുന്നു. പേരിനൊപ്പം ചേര്‍ന്നതിനേക്കാള്‍ വലിയ മാജിക്കുകളാണ് ഫുട്‌ബോള്‍ മൈതാനത്ത് പെലെ തീര്‍ത്തത്.
അച്ഛന്‍ ഡോണ്‍ഡിഞ്ഞ്യോക്കും അമ്മ സെലെസ്റ്റക്കും മകനെ പറ്റി സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ പണമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അച്ഛന്റെ ഫുട്‌ബോള്‍ കമ്പം കിട്ടിയ അവന് പഴയ സോക്‌സില്‍ പേപ്പറുകള്‍ തിരുകിക്കെട്ടിയും പഴംതുണികള്‍ കൂട്ടിക്കെട്ടിയും കാല്‍പന്ത് കളിയുടെ ആദ്യതട്ടലുകള്‍ പഠിക്കേണ്ടി വന്നത്.
കളിക്കൂട്ടുകാര്‍ക്കൊപ്പം ഇന്‍ഡോര്‍ മത്സരങ്ങളില്‍ ചേരാനും കളിക്കാനും പറ്റിയത് അവനൊരു അവസരമായി. പതിനാലാം വയസില്‍ തന്നെ മുതിര്‍ന്നവര്‍ക്കൊപ്പം പന്തുതട്ടാന്‍ അവന് കഴിഞ്ഞു. നിരവധി അമച്വര്‍ ക്ലബുകള്‍ക്ക് വേണ്ടി പന്തുതട്ടിക്കളിച്ച പെലെ പതിനഞ്ചാം വയസില്‍ സാന്റോസിലെത്തി.
പതിനാറാം വയസില്‍ തന്നെ ക്ലബിന്റെ ടോപ് സ്‌കോറര്‍ ആയി. സാന്റോസിന്റെ കിരീടനേട്ടങ്ങളിലും ഉയര്‍ച്ചയിലും പെലെക്ക് നിര്‍ണായക പങ്ക്, പെലെയുടെ കളി നവീകരിക്കുന്നതിലും ഉഷാറാക്കുന്നതിലും ആത്മവിശ്വാസം കൂട്ടുന്നതിലും സാന്റോസിനും പങ്ക്.
1961മാര്‍ച്ചില്‍ ഫ്‌ലുമിനെന്‍സിന് എതിരെ നടന്ന മത്സരത്തില്‍ പെലെ അടിച്ച പന്ത്, ഗോള്‍പോസ്റ്റിലേക്ക് മാത്രമല്ല, മാരക്കാനയുടെ ചരിത്രത്തിലേക്ക് കൂടിയാണ് പാഞ്ഞുകയറിയത്. സ്വന്തം പെനാല്‍റ്റിബോക്‌സിനടുത്ത് നിന്ന് കിട്ടിയ പന്തുമായി എതിടീമിന്റെ എല്ലാ പ്രതിരോധവും തട്ടിമാറ്റി ഓടിയെത്തി നേടിയ ആ ഗോളിന്റെ ഒോര്‍മ. തിളക്കം ഒരു ഫലകമായി രേഖപ്പെടുത്തപ്പെടുത്തപ്പെട്ടു. ക്ലബിന് വേണ്ടി 659 മത്സരങ്ങളിലായി പെലെ അടിച്ച 643 ഗോള്‍. അതൊരു റെക്കോഡായിരുന്നു. 2020 ഡിസംബറില്‍ ബാഴ്‌സലോണക്ക് വേണ്ടി മെസി പുതുക്കുംവരെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.