കീവ്: ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിന് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി മുന്നോട്ടുവച്ച 10 ഇന സമാധാന ഫോര്‍മുല നിരസിച്ച് മണിക്കൂറുകള്‍ക്കകം ഉക്രെയ്‌ന്‍ തലസ്ഥാനമായ കീവ്, ഖാര്‍കീവ് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ. നൂറ്റിഇരുപതിലേറെ മിസൈൽ വർഷിച്ചാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.
കീവിൽ പതിനാലുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. വൈദ്യുതി, ജലവിതരണ സംവിധാനം പലയിടത്തും തകർന്നു. വരും ദിവസങ്ങളിലും നഗരത്തിലെങ്ങും വൈദ്യുതി, ജലവിതരണം തടസപ്പെട്ടേക്കുമെന്ന് മേയർ വിറ്റാലി ക്ലിറ്റ്ച്കോ മുന്നറിയിപ്പു നൽകി. വീടുകള്‍, വ്യാവസായിക സ്ഥാപനങ്ങള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയവയും തകര്‍ന്നതായായാണ് വിവരം.

കീവ്, ഹർകീവ്, ലിവിവ്, ഒഡേസ, ഡിനിപ്രോപെട്രോവിസ്ക് എന്നീ നഗരങ്ങളിലാണ് കൂടുതൽ മിസൈലുകൾ പതിച്ചത്. നഗരത്തില്‍ പൂര്‍ണമായും വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലാണെന്ന് ലിവിവ് മേയര്‍ ആന്‍ഡ്രി സദോവി പറഞ്ഞിരുന്നു. വെള്ളം മുടങ്ങാനും സാധ്യതയുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി മുന്നോട്ടുവച്ച സമാധാന ഫോര്‍മുല സ്വീകാര്യമല്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി മണിക്കൂറുകൾക്കകമായിരുന്നു റഷ്യയുടെ ആക്രമണം. ഉക്രെയ്‌ന്റെ അഖണ്ഡതയെ ബഹുമാനിക്കുക, രാജ്യാതിര്‍ത്തികള്‍ പുനസ്ഥാപിക്കുക, റഷ്യന്‍ സൈനികരെ മുഴുവന്‍ പിന്‍വലിക്കുക തുടങ്ങിയ 10 ഇന സമാധാന പദ്ധതിയാണ് സെലെന്‍സ്‌കി മുന്നോട്ടുവച്ചത്.
എന്നാല്‍ ഉക്രെയ്‌ന്റെ കിഴക്ക് ലുഹാന്‍സ്‌കും ഡൊനെറ്റ്‌സ്‌കും തെക്ക് ഖെര്‍സണും സാപൊറീഷ്യയും റഷ്യയുടേതാണെന്ന് ആദ്യം കീവ് അംഗീകരിക്കണമെന്നായിരുന്നു മോസ്‌കോയുടെ നിലപാട്. ഈ നാല് മേഖലകളും റഷ്യയുടേതാണെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കാത്ത ഒരു സമാധാന പദ്ധതിയും നടപ്പാവാന്‍ പോകുന്നില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ഉക്രെയ്‌ന്‍ ഇപ്പോഴും യഥാര്‍ത്ഥ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് റഷ്യ വിശ്വസിക്കുന്നുവെന്നായിരുന്നു ലാവ്‌റോവിന്റെ ആരോപണം.
പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെ റഷ്യയെ കിഴക്കന്‍ ഉക്രെയ്‌നില്‍ നിന്നും ക്രിമിയയില്‍ നിന്നും പുറത്താക്കാമെന്ന ഉക്രെയ്‌ന്റെ മോഹം മിഥ്യയാണെന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഉക്രെയ്‌നിലേക്ക് ആയുധങ്ങളെത്തിക്കുന്നത് തടയാന്‍ റഷ്യന്‍ സേന രംഗത്തിറങ്ങുമെന്നും ലാവ്‌റോവ് വ്യക്തമാക്കി. കൂടാതെ പടിഞ്ഞാറന്‍ ഉക്രെയ്‌നിലേക്കുള്ള ആയുധ വിതരണ ശൃംഖലകള്‍ തകര്‍ക്കുമെന്നും ലാവ്‌റോവ് മുന്നറിയിപ്പ് നൽകി.
വ്യോമ മാർഗവും ക്രൂയിസ് മിസൈലുകള്‍ വഴിയുമാണ് റഷ്യ ആക്രമണം നടത്തിയത്. അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പല സ്ഥലങ്ങളിലും ഉക്രെയ്ന്‍ സേന മിസൈലുകൾ തടഞ്ഞിട്ടുമുണ്ട്. മൈക്കോളൈവിൻ്റെ തെക്കന്‍ മേഖലയില്‍ അഞ്ച് മിസൈലുകള്‍ തടഞ്ഞെന്ന് ഗവര്‍ണര്‍ വിറ്റാലി കിം പറഞ്ഞു. ഒഡേസ മേഖലയില്‍ 21 മിസൈലുകള്‍ വെടിവെച്ചിടുകയും ചെയ്തു.


അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖാര്‍കീവില്‍ റഷ്യ മിസൈലുകള്‍ തൊടുത്തതെന്ന് ഖാര്‍കീവ് ഗവര്‍ണര്‍ ആരോപിച്ചു. അതിശൈത്യത്തിന്റെ പിടിയിലുള്ള ഉക്രെയ്‌നില്‍ വൈദ്യുതി വിതരണം തടസപ്പെടുത്തുകയാണ് റഷ്യയുടെ യുദ്ധതന്ത്രമെന്ന് സെലെന്‍സ്‌കി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
സാധാരണക്കാരെ ഉന്മൂലനം ചെയ്യാനാണ് റഷ്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും നിരവധി ആക്രമണങ്ങള്‍ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇത് രാജ്യത്തുടനീളം പവര്‍കട്ടിന് കാരണമായിരുന്നു. ഈ മാസമാദ്യം റഷ്യന്‍ സൈന്യം തൊടുത്തുവിട്ട 70 ലധികം മിസൈലുകളില്‍ 60 എണ്ണമാണ് ഉക്രെയ്ന്‍ സേന വെടിവെച്ച് തകര്‍ത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.