നേതാക്കളെ വധിക്കാന്‍ പദ്ധതി: പിഎഫ്‌ഐ നേതാവായ ഹൈക്കോടതി അഭിഭാഷകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

നേതാക്കളെ വധിക്കാന്‍ പദ്ധതി: പിഎഫ്‌ഐ നേതാവായ ഹൈക്കോടതി അഭിഭാഷകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ എന്‍ഐഎ റെയ്ഡില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിയമ ബിരുദധാരിയും ഹൈക്കോടതിയില്‍ അഭിഭാഷകനുമാണ് മുബാറക്ക്.

ഇന്നലെ ഇയാളുടെ വീട്ടില്‍ എന്‍ഐഎ സംഘം പുലര്‍ച്ചെ മുതല്‍ വൈകിട്ട് വരെ റെയ്ഡ് നടത്തിയിരുന്നു. വീട്ടില്‍ നിന്നും ആയുധങ്ങള്‍ ലഭിച്ചതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. വിവിധ സംസ്ഥാനങ്ങളിലായി നേതാക്കളെയടക്കം വധിക്കുന്നതിന് പോപ്പുലര്‍ഫ്രണ്ട് നീക്കങ്ങള്‍ നടത്തി വരികയായിരുന്നെന്നും എന്‍ഐ ആരോപിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനായ ഇയാള്‍ നാട്ടില്‍ കരാട്ടെ, കുങ്ഫു എന്നിവ പരിശീലനം നല്‍കിയിരുന്നതായാണ് വിവരം. ഇപ്പോള്‍ ഓര്‍ഗാനിക് വെളിച്ചെണ്ണ ഉല്‍പാദന യൂണിറ്റ് നടത്തുന്നു. മുബാരക്കിന്റെ ഭാര്യയും അഭിഭാഷകയാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഒന്നാംനിര നേതാക്കള്‍ പിടിയിലായതോടെ രണ്ടാം നിര നേതാക്കളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. കൂടുതല്‍ ആളുകളെ പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ എന്‍ഐഎ വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

മുഹമ്മദ് മുബാറക് മറ്റു പാര്‍ട്ടികളിലെ നേതാക്കളെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച സ്‌ക്വാഡിലെ അംഗമാണെന്നാണ് എന്‍ഐഎ പറയുന്നത്. ആയോധനകല പരിശീലിച്ച ഇയാള്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നുവെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. മഴുവും വാളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ബാഡ്മിന്റണ്‍ റാക്കറ്റിനുള്ളിലാണ് ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.