ബജറ്റിന് മുമ്പ് കേന്ദ്രത്തില്‍ അഴിച്ചു പണി; മന്ത്രിസഭയിലും ബിജെപിയിലും വലിയ മാറ്റങ്ങള്‍ക്ക് സാധ്യത

ബജറ്റിന് മുമ്പ് കേന്ദ്രത്തില്‍ അഴിച്ചു പണി; മന്ത്രിസഭയിലും ബിജെപിയിലും വലിയ മാറ്റങ്ങള്‍ക്ക് സാധ്യത

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ ബിജെപിയിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിക്ക് സാധ്യത. അടുത്ത വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് വിപുലീകരണം. മകര സക്രാന്തിക്കും ബജറ്റ് സമ്മേളനത്തിന്റെ ഇടയിലുള്ള സമയത്ത് ഇതിനായി ഉപയോഗിച്ചേക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പാക്കും.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്‌, കർണാടക, തെലങ്കാന, ത്രിപുര, മേഘാലയ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് 2023, 2024 വർഷങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കേണ്ടത്. മണ്ഡല പുനർനിർണയം പൂർത്തീകരിച്ച ജമ്മുകശ്മീരിലെ വിധിയെഴുത്തും അടുത്തവർഷമുണ്ടായേക്കാം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കണമെന്നതാണ് ബിജെപിയുടെ താത്‌പര്യം.

മന്ത്രിസഭയിൽ വിപുലമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. മന്ത്രിമാരുടെ പ്രവർത്തനനിലവാരം, പ്രദേശത്തിന്റെയും സമുദായത്തിന്റെയും പ്രാതിനിധ്യം, പാർട്ടി പ്രവർത്തനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും മാറ്റങ്ങൾ.

മന്ത്രിസഭയിലെ ചില നേതാക്കളെ പാർട്ടി പ്രവർത്തനത്തിന് നിയോഗിച്ചേക്കും. കാര്യമായ പ്രാതിനിധ്യമില്ലാത്ത സംസ്ഥാനങ്ങളയും സമുദായങ്ങളെയും ഉൾക്കൊള്ളാനായി പാർലമെന്റംഗങ്ങളായ ചില നേതാക്കളെ പാർട്ടി പ്രവർത്തന രംഗത്തുനിന്ന് മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.

പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗവും ജനുവരിയില്‍ ചേരുമെന്നും വാര്‍ത്തകളുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും.

ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്ത് ജെ.പി. നഡ്ഡയുടെ കാലാവധി അടുത്തമാസം 20 ന് അവസാനിക്കും. കാലാവധി നീട്ടുന്നകാര്യത്തിൽ പാർലമെന്ററി ബോർഡാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത ദേശീയ നിർവാഹകസമിതി യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകും.

കഴിഞ്ഞവർഷം ജൂൺ എട്ടിനാണ് രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ പുനസംഘടന നടന്നത്. അന്ന് 12 മന്ത്രിമാരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. മുതിർന്ന മന്ത്രിമാരായിരുന്ന രവിശങ്കർ പ്രസാദ്, പ്രകാശ് ജാവഡേകർ എന്നിവർക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.