സജി ചെറിയാന്‍ വീണ്ടും മന്ത്രി സഭയിലേക്ക്; അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞയുണ്ടാകും

സജി ചെറിയാന്‍ വീണ്ടും മന്ത്രി സഭയിലേക്ക്; അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞയുണ്ടാകും

തിരുവനന്തപുരം: വിവാദമായ മല്ലപ്പള്ളി പ്രസംഗത്തെ തുടര്‍ന്ന് രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രി സഭയിലേക്ക്. നിയമസഭാ സമ്മേളനത്തിനു മുമ്പ് സത്യ പ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ രാജി വച്ചത്. ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി.

ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമര്‍ശമുണ്ടായത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി.

ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്റെ പരാമര്‍ശം. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നും അന്ന് സജി ചെറിയാന്‍ പ്രസംഗിച്ചു.

തിരുവല്ല, റാന്നി എംഎല്‍എമാരടങ്ങിയ വേദിയില്‍ വച്ചായിരുന്നു പരാമര്‍ശം. പിന്നാലെ പരാമര്‍ശം വലിയ വിവാദമാകുകയും സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിക്കുകയുമായിരുന്നു.

അഞ്ച് മാസത്തിന് ശേഷം സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്റെ റഫര്‍ റിപ്പോര്‍ട് പുറത്തുവന്നു. വിമര്‍ശനാല്‍കമായി സംസാരിക്കുക മാത്രമാണ് സജി ചെറിയാന്‍ ചെയ്തതെന്നും ഭരണഘടനയേയോ ഭരണഘടനാ ശില്‍പികളെയോ അവഹേളിച്ചിട്ടില്ലെന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍.

അതിനാല്‍ തന്നെ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ട തിരുവല്ല, റാന്നി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ മൊഴി നല്‍കിയതെന്നും റഫര്‍ റിപ്പോര്‍ട്ടിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.