കുട്ടനാട് സിപിഎമ്മില്‍ വിഭാഗീയത; രാമങ്കരിയില്‍ മാത്രം രാജിവെച്ചത് 46 പ്രവര്‍ത്തകര്‍

 കുട്ടനാട് സിപിഎമ്മില്‍ വിഭാഗീയത; രാമങ്കരിയില്‍ മാത്രം രാജിവെച്ചത് 46 പ്രവര്‍ത്തകര്‍

ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു. രാമങ്കരിയില്‍ നിന്നും കഴിഞ്ഞ ദിവസം 46 പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ മുട്ടാറിലും കൂട്ടരാജി ഉണ്ടായി. കൈനകരിയിലും തകഴിയിലും വിഭാഗീയത രൂക്ഷമായി തുടരുകയാണ്.

കുട്ടനാട്ടില്‍ രാമങ്കരി, മൂട്ടാര്‍, കൈനകരി, തകഴി തുടങ്ങിയ സ്ഥലങ്ങളില്‍ സിപിഎമ്മില്‍ നാളുകളായി നിലനിന്നിരുന്ന ഉള്‍പാര്‍ട്ടി പോര് സകല പരിധിയും ലംഘിച്ചിരിക്കുകയാണ്. രാമങ്കരിയില്‍ നിന്നും 46 പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഏരിയ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും സിഐടിയു, എസ്.എഫ്.ഐ നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് ഇ മെയില്‍ വഴിയും കൊറിയര്‍ വഴിയും ജില്ലാ കമ്മറ്റിക്ക് നേരിട്ടും രാജിക്കത്ത് നല്‍കിയത്.

പാര്‍ട്ടി ഉള്‍പ്പോര് എല്ലാ അതിര്‍ വരമ്പുകളും ഭേദിക്കുമ്പോള്‍ രാമങ്കരിയില്‍ പ്രവര്‍ത്തകരുടെ രാജി അടുത്ത ദിവസങ്ങളിലും തുടര്‍നേക്കുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു രാമങ്കരിയില്‍ പാര്‍ട്ടി ഉള്‍പ്പോര് രൂക്ഷമായത്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പഞ്ചായത്തംഗത്തിനടക്കം മര്‍ദനമേല്‍ക്കുകയും സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിരുന്നു.

രാമങ്കരിക്കു പിന്നാലെ കുട്ടനാട്ടില്‍ മുട്ടാറില്‍ നിന്നും ഉള്‍പാര്‍ട്ടി പോരിനെ തുടര്‍ന്ന് 40 ഓളം പ്രവര്‍ത്തകര്‍ രാജിവെച്ചു. കൈനകരി, തകഴി എന്നിവിടങ്ങളിലും ഉള്‍പാര്‍ട്ടി പോരും പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കങ്ങളും പതിവാകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.