പ്രതിഭാസംഗമം 2022: കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു

പ്രതിഭാസംഗമം 2022: കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു

കൊച്ചി: സീറോ മലബാര്‍ സഭാ വിശ്വാസ പരീശീലന പ്രതിഭാസംഗമം 28,29,30 തിയതികളില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. വിശ്വാസ പരിശീലന കമ്മീഷന്‍ അംഗവും ഭദ്രാവതി രൂപതാധ്യകനുമായ മാര്‍ ജോസഫ് അരുമച്ചാടത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ റവ. ഡോ. വിന്‍സെന്റ് ചെറുവത്തൂര്‍ അധ്യക്ഷനായിരുന്നു.

പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസപരിശീലനത്തിലൂടെ കുട്ടികള്‍ നേടിയ ബോധ്യങ്ങളും മൂല്യങ്ങളും സമന്വയിപ്പിച്ച് ക്രിസ്തീയ വീക്ഷണത്തിലൂടെ വളര്‍ത്താന്‍ പ്രതിഭാസംഗമം സഹായിക്കുമെന്ന് മാര്‍ അരുമച്ചാടത്ത് പറഞ്ഞു. പ്രതിഭ എന്നാല്‍ കഴിവിന്റെ സമാഹാരം എന്നാണര്‍ത്ഥമെന്നും അത് വളര്‍ത്തുന്നതു വഴി സഭയുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിവിധ രൂപതളില്‍ 12 -ാം ക്ലാസില്‍ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് സംഗമത്തില്‍ പങ്കെടുത്തത്. ഇടവക, രൂപത തിരഞ്ഞെടുപ്പുകളിലൂടെ എത്തിയ 56 പേരാണ് മൂന്നു ദിവസത്തെ പ്രതിഭാ സംഗമത്തില്‍ പങ്കെടുത്തത്.

ഫാ. മനു എംഎസ്ടി, ടീം അംഗങ്ങളായ ഐസക് തോമസ്, ജെബിന്‍, ആന്‍മരിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഈ ദിവസങ്ങളില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. ബിനോയ് സിഎസ്എസ്ആര്‍, അഡ്വ. ജസ്റ്റിന്‍ പളളിവാതുക്കല്‍, പി.യു തോമസ് (നവജീവന്‍ ട്രസ്റ്റ്), ബേബി ജോണ്‍ കലയന്താനി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് 12 ന് കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.

പ്രതിഭകള്‍ സമഗ്രവ്യക്തിത്വത്തിന് ഉടമകളായിരിക്കണമെന്നും സഭാ-സമൂഹിക- സാംസ്‌കാരിക മേഖലകളില്‍ ജ്വലിക്കുന്നവരായി ജീവിക്കുവാന്‍ ഈ അവാര്‍ഡ് പ്രചോദനമാകണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മ്മിപ്പിച്ചു. വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് മേല്‍വെട്ടത്ത് സ്വാഗതം ആശംസിക്കുകയും ഫാ. മനു പൊട്ടനാനിയില്‍ എംഎസ്ടി ആശംസകള്‍ അറിയിക്കുകയും സി. ജിന്‍സി ചാക്കോ എം.എസ്.എം.ഐ നന്ദി പറയുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26