കേവലം ഒരു വര്‍ഷത്തില്‍ താഴെ മാത്രം തിരുസഭയെ നയിച്ച ബെനഡിക്ട് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം അദ്ദേഹത്തിന്‍റെ എളിമയുടെയും ശാന്തസ്വഭാവത്തിന്‍റെയും പാവങ്ങളോടുള്ള പ്രത്യേക സ്നേഹത്തിന്‍റെയും പേരില്‍ പ്രസിദ്ധമായിരുന്നു. ഏ. ഡി. 683 ജൂലൈ മാസത്തിന്‍റെ ആരംഭത്തില്‍ത്തന്നെ തിരുസഭയുടെ എണ്‍പത്തിയൊന്നാമത്തെ മാര്‍പ്പാപ്പയായി റോമിലെ വൈദിക സമൂഹവും സഭാനേതൃത്വവും ബെനഡിക്ട് രണ്ടാമന്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തുവെങ്കിലും, തിരഞ്ഞെടുപ്പിനുള്ള ചക്രവര്‍ത്തിയുടെ അംഗീകാരത്തിനും സ്ഥാനാരോഹണത്തിനുമായി ഏകദേശം ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. ബെനഡിക്ട് രണ്ടാമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പിന് രാജകീയ അംഗീകാരം നല്‍കിയതിനോടൊപ്പം തന്നെ പുതിയ പാപ്പായുടെ അഭ്യര്‍ത്ഥന മാനിച്ച് മുന്‍പു നിലവിലുണ്ടായിരുന്നതുപോലെ തന്നെ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിന് രാജകീയ അംഗീകാരം നല്‍കുന്നതിനുള്ള അധികാരം റവേന്നയിലെ ചക്രവര്‍ത്തിയുടെ പ്രതിനിധിയായ എക്സാര്‍ക്കിന് വീണ്ടും ചക്രവര്‍ത്തി അനുവദിച്ചു നല്‍കി. അപ്രകാരം മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനും സ്ഥാനാരോഹണത്തിനും തമ്മിലുള്ള ദീര്‍ഘമായ സമയവ്യത്യാസം ഒഴിവാക്കുന്നതിന് പ്രസ്തുത തീരുമാനം കാരണമായി. ചക്രവര്‍ത്തിയുടെ അംഗീകാരം ലഭിച്ചതിനുശേഷം ഏ. ഡി. 684 ജൂണ്‍ 26-ാം തീയതി റോമിന്‍റെ മെത്രാനും തിരുസഭയുടെ എണ്‍പത്തിയൊന്നാമത്തെ തലവനുമായി ബെനഡിക്ട് രണ്ടാമന്‍ മാര്‍പ്പാപ്പ അഭിഷിക്തനായി.
മൂന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസിന് തന്‍റെ മുന്‍ഗാമിയായ ലിയോ രണ്ടാമന്‍ മാര്‍പ്പാപ്പ നല്‍കിയ അംഗീകാരത്തിനുള്ള പിന്തുണ ബെനഡിക്ട് രണ്ടാമന്‍ പാപ്പായും സ്ഥിരീകരിച്ചു. സൂനഹദോസ് നടപടികളുടെയും സൂനഹദോസ് നിയമങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ലിയോ രണ്ടാമന്‍ പാപ്പായുടെ കത്തുകളുടെയും പകര്‍പ്പുകളുമായി ഒരു പ്രതിനിധിസംഘത്തെ സ്പെയിനിലേക്കയ്ച്ചു. എന്നാല്‍ സ്പെയിനിലെ ശക്തമായ വിസിഗോഥിക് സഭാസമൂഹം മൂന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസിന്‍റെ നടപടികളെയും തീരുമാനങ്ങളെയും ഏ. ഡി. 684-ലെ പതിനാലാം ടൊളേദോ കൗണ്‍സിലില്‍ വെച്ച് ചര്‍ച്ച ചെയ്ത് ധാരണയിലെത്തുന്നതു വരെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. ടൊളേദൊ കൗണ്‍സിലിനെ തുടര്‍ന്ന് മാര്‍പ്പാപ്പയ്ക്കയച്ച വിശ്വാസ പ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ അദ്ദേഹത്തിന്‍റെ നിശിതമായ വിമര്‍ശനത്തിന് കാരണമായി എന്ന് ടൊളോദോ രൂപതയുടെ മെത്രാപ്പോലീത്താ അറിയുവാനിടയായപ്പോള്‍ അദ്ദേഹം ബെനഡിക്ട് പാപ്പായെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടും മറ്റൊരു കത്ത് അയച്ചു. മോണൊതെലിസ്റ്റിക്ക് പഠനങ്ങള്‍ പിന്തുടര്‍ന്നതിന്‍റെ പേരില്‍ അന്ത്യോക്യന്‍ പാത്രിയാര്‍ക്കല്‍ പദവിയില്‍നിന്നും നിഷ്കാസിതനാവുകയും റോമിലെ ഒരു മൊണാസ്ട്രിയില്‍ അഭയം പ്രാപിക്കുകയും ചെയ്ത മക്കാരിയസ് ഒന്നാമനെ മോണൊതെലിസ്റ്റിക്ക് പഠനങ്ങള്‍ പിന്തുടരുന്നതില്‍നിന്നും പ്രചരിപ്പിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ ബെനഡിക്ട് രണ്ടാമന്‍ പാപ്പാ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ വിഫലമായി. ഇത്തരത്തിലുള്ള പരീക്ഷണങ്ങളും എതിര്‍പ്പുകളും തന്‍റെ ഭരണകാലത്ത് ബെനഡിക്ട് രണ്ടാമന്‍ പാപ്പാ നേരിട്ടുവെങ്കിലും റോമിലെ വി. പത്രോസിന്‍റെ ബസിലിക്കയടക്കം അനേകം ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനും സഭാമക്കളുടെ ഉന്നമനത്തിനുമായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ഏ. ഡി. 685 മെയ് 8-ാം തീയതി ബെനഡിക്ട് രണ്ടാമന്‍ പാപ്പാ ദിവംഗതനായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.