മുജാഹിദ് വേദിയിലല്ല സിപിഎമ്മിനെ വിമര്‍ശിക്കേണ്ടത്; കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

മുജാഹിദ് വേദിയിലല്ല സിപിഎമ്മിനെ വിമര്‍ശിക്കേണ്ടത്; കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

കോഴിക്കോട്: മുസ്‌ലീം ലീഗ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുജാഹിദ് 10-ാം സംസ്ഥാന സമ്മേളന വേദിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും ഒരു സമുദായത്തിന് മാത്രമായി ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയന്‍ തുറന്നടിച്ചു.

മുജാഹിദ് വേദിയിലല്ല സിപിഎമ്മിനെ വിമര്‍ശിക്കേണ്ടത്. എന്തും പറയാന്‍ ലൈസന്‍സുള്ള ചിലരാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. 34 വര്‍ഷം ഭരിച്ച പടിഞ്ഞാറന്‍ ബംഗാളിലെ അനുഭവം ഓര്‍മയുണ്ടെന്നു പ്രസംഗത്തില്‍ പറയുന്നതുകേട്ടു. ബംഗാളില്‍ തന്റെ പ്രസ്ഥാനം എങ്ങനെ കാര്യങ്ങള്‍ നോക്കിക്കാണുന്നുണ്ടെന്ന് ഓര്‍മയുണ്ട്. ചില നേതാക്കളുടെ പ്രസ്താവനകളില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല.

മതതീവ്രവാദ ശക്തികളെ എതിര്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സിപിഎമ്മിനെയാണോ എതിര്‍ക്കേണ്ടത്? ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് വേണ്ടതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വേദിയിലിരുത്തി പിണറായി വിജയന്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം മുജാഹിദ് വേദിയില്‍ പി.കെ. ബഷീറും പി.കെ. ഫിറോസും സിപിഎമ്മിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ആര്‍എസ്എസ് സംഘപരിവാര്‍ ആശയങ്ങളെ ഭരണതലത്തില്‍ നടപ്പാക്കുമ്പോള്‍ കേരളം വേറിട്ടുനില്‍ക്കുകയും ഒന്നിച്ച് എതിര്‍ക്കുകയുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചെറിയൊരു മതന്യൂനപക്ഷ വിഭാഗം മാത്രം അതിനെ എതിരിടാന്‍ ഒരുങ്ങുന്നത് ആത്മഹത്യാപരമാണ്. നമ്മള്‍ എന്നു പറയുന്ന ഒരു വിഭാഗത്തിനുമാത്രം ഒറ്റയ്ക്കു നേരിടാന്‍ കഴിയില്ല. ഇത്തരമൊരു ഭീഷണി നേരിടാന്‍ നേരിയ ഭിന്നതകളൊക്കെ മാറ്റിവച്ച് അണിനിരക്കാന്‍ കഴിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം. രാജ്യത്ത് വല്ലാത്തൊരു ആശങ്കയും ഭയപ്പാടും ഓരോ ദിവസവും കഴിയുന്തോറും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന അവസ്ഥ നാം കാണുന്നു. നമ്മുടെ രാജ്യത്തെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ തന്നെ ഇടപെടലുകളാണ് ഇതിന് ഇടയാക്കുന്നത്. ജനങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി നിലപാടെടുത്ത സംഘടനകള്‍ വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. മറുവശത്ത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. മതന്യൂനപക്ഷങ്ങളില്‍ പ്രബലമായ രണ്ട് വിഭാഗങ്ങളെയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍വെച്ച് അതിഹീനമായ രീതിയില്‍ ആക്രമിച്ചത് കാണാന്‍ കഴിയും.

അത്തരത്തിലുള്ള ശക്തികള്‍ക്ക് വലിയതോതില്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.