കണ്ണൂര്‍: ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റു നില്‍ക്കാതിരുന്നതിനെച്ചൊല്ലി വിവാദം. കണ്ണൂര്‍ എസ്എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം. പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു.
അടുത്തിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ കൈകൊണ്ടു വിലക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച സജീവമായത്. ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു എന്നു തുടങ്ങുന്ന ഗുരുഗീതയാണ് വേദിയില്‍ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തു വന്നു. മതത്തിന് എതിരല്ല സിപിഎം എന്നു പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ മതാചാരങ്ങളെ പൊതുവേദിയില്‍ അപമാനിക്കുകയാണ് മുഖ്യമന്ത്രിയെന്നു സുധാകരന്‍ കുറ്റപ്പെടുത്തി.
ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരനും പറഞ്ഞു. ശിവഗിരിയില്‍ എത്തി ഗുരുദര്‍ശനങ്ങളെ പുകഴ്ത്തിയ പിണറായി വിജയന്‍ എസ്എന്‍ കോളജ് വേദിയില്‍ ഗുരുസ്തുതി ചൊല്ലുമ്പോള്‍ എഴുന്നേല്‍ക്കാതെയിരുന്ന് ഗുരുവിനെ അപമാനിച്ചു. ആവശ്യം വരുമ്പോള്‍ ഗുരുദര്‍ശനങ്ങളെയും ശ്രീനാരായണീയരെയും വാഴ്ത്തുന്ന മുഖ്യമന്ത്രി തരംപോലെ ഇകഴ്ത്തലും തുടരുകയാണെന്നു മുരളീധരന്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.