ഛത്തീസ്ഘട്ടിലെ കത്തോലിക്ക ദേവാലയം അക്രമികള്‍ തകര്‍ത്ത സംഭവം: അത്യന്തം പ്രതിഷേധാര്‍ഹമെന്ന് കെസിബിസി

ഛത്തീസ്ഘട്ടിലെ കത്തോലിക്ക ദേവാലയം അക്രമികള്‍ തകര്‍ത്ത സംഭവം: അത്യന്തം പ്രതിഷേധാര്‍ഹമെന്ന് കെസിബിസി

കൊച്ചി: ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങളില്‍ ഭരണകൂടങ്ങള്‍ നിസംഗത വെടിയണമെന്ന് കെസിബിസി. ഛത്തീസ്ഘട്ടിലെ നാരായണ്‍പൂരില്‍ കത്തോലിക്കാ ദേവാലയം അക്രമികള്‍ തകര്‍ത്ത സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്തമാവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.

ഛത്തീസ്ഘട്ടിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതമാവുകയാണ്. രാഷ്ട്രീയ താല്‍പര്യങ്ങളോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടച്ചയാണ് ഇത്തരം അക്രമ സംഭവങ്ങളെന്നും കെസിബിസി കുറ്റപ്പെടുത്തി.

പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താനുമുള്ള ശ്രമങ്ങള്‍ ഭാരത്തിന്റെ ഐക്യത്തിനും അണ്ഡതയ്ക്കും വിഘാതമാകുന്നു.

നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം എന്ന ദുരാരോപണം നിരന്തരം ഉയര്‍ത്തി ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗിച്ചി നിരപരാധികളെ കേസുകളില്‍ അകപ്പെടുത്തുന്ന ശ്രമങ്ങള്‍ നിരന്തരം നടക്കുന്നുണ്ടെന്നും കെസിബിസി വ്യക്തമാക്കി.
മാത്രമല്ല മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നീ മാര്‍ഗങ്ങള്‍ വഴി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാക്കിയിരിക്കുകയാണ്.

ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കവാനും സ്വാതന്ത്യത്തോടെ ആ വിശ്വാസത്തില്‍ ജീവിക്കുവാനും ഏതൊരു ഇന്ത്യന്‍ പൗരനും ഭരണ ഘടന പ്രകാരം പൂര്‍ണ അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഛത്തീസ്ഘട്ടിലെ നിരവധി ഗ്രാമങ്ങളില്‍ അനേകര്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാന്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്യുന്നു.

ഇതേ കാരണത്താല്‍ ഹിന്ദുത്വ വര്‍ഗീയ സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ ആക്രമണങ്ങളും കലാപശ്രമങ്ങളും ഉണ്ടായിട്ടും അവയെ പ്രതിരോധിക്കാനോ കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ലെന്നും കെസിബിസി കുറ്റപ്പെടുത്തി.

ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ പദ്ധതിയിടുന്നതും സംശയാസ്പദമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് നിയമപരമായി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. എങ്കിലും അത്തരം പുതിയ നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗിക്കപ്പെടുകയും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് പോലും മറയായി മാറുകയും ചെയ്യുന്ന പ്രവണത അത്യന്തം ദൗര്‍ഭാഗ്യകരമാണ്.

ഇന്ത്യയില്‍ ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും അതില്‍ ജീവിക്കാനും എളുപ്പമല്ല എന്നു വരുന്നത് ഭരണഘടനാ ലംഘനവും മനുഷ്യാവകാശ നിഷേധവുമാണ്. ഘര്‍വാപസി എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവരെയും അത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും നിയമത്തിന് കീഴില്‍ കൊണ്ടു വരണം. ഇത്തരത്തില്‍ എല്ലാ മതസ്ഥര്‍ക്കും ഒരു പോലെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.