തിരുവനന്തപുരം: നിയമക്കുരുക്ക് ഭീഷണി നിലനിൽക്കേ രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക.
ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ് നിലനില്‍ക്കുമ്പോള്‍ സജി ചെറിയാന്‍ മന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രി നിര്‍ദേശിക്കുന്നയാള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടന ബാധ്യത നിറവേറ്റുകയാണ് താൻ ചെയ്യുന്നതെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
അറ്റോർണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്.
ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകളായിരിക്കും അദ്ദേഹത്തിന്‍റെ ലഭിക്കുക. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശം തന്നെയായിരുന്നു.
സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകുന്നു. ശുപാർശ മറികടന്നാൽ ഭരണഘടനയെ ഗവർണർ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നായിരുന്നു ഉപദേശം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പുകളോടെ ഗവർണർ അംഗീകരിച്ചത്.
മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സജിയുടെ മടക്കത്തിൽ കടുത്ത വിയോജിപ്പോടെയുള്ള ഗവർണറുടെ അനുമതി ലഭിച്ചത്. പല നിയമവിദഗ്ധരിൽ നിന്നും നിയമോപദേശങ്ങൾ തേടി പരമാവധി സർക്കാരിനെ മുൾമുനയിൽ നിർത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാർശ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.
കഴിഞ്ഞവര്‍ഷം ജുലായ് ആറിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയിലാണ് സജി ചെറിയാന്‍ രാജിവെച്ചത്.
കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് 2018-ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി സജി ചെറിയാന്‍ നിയമസഭാംഗമാകുന്നത്. 2021-ല്‍ വീണ്ടും ജയിച്ച് മന്ത്രിസഭയിലെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.