സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണം; കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണം; കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനസ്ഥാപിക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടാനൊരുങ്ങുന്നത്.

സംസ്ഥാനത്തിന്റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതു കണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്റെ പൊതുകടത്തിലുള്‍പ്പെടുത്താന്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇത്. അതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കമ്പനികള്‍-കോര്‍പ്പറേഷനുകള്‍, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവര്‍ക്കായി നിശ്ചയിച്ചു നല്‍കിയ സംസ്ഥാനത്തിന്റെ നികുതി/സെസ്/ ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകള്‍, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്പോള്‍ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടികളുടെ പിന്‍ബലത്തില്‍ എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ല. അവയെ സംസ്ഥാനത്തിന്റെ ആകസ്മിക ബാധ്യതയായി മാത്രമേ കണക്കാക്കാനാകു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ചില പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, കെ.എസ്.എസ്പി. എല്‍ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സമാന സ്ഥാപനങ്ങള്‍ എന്നിവ എടുക്കുന്ന വായ്പകള്‍ക്ക് ഇത് ബാധകമാക്കിയതും ഇല്ല. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമായ ഈ നടപടി സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാണ്.

ഈ സാഹചര്യത്തിലാണ് പൊതുകണക്കിനത്തിലെ എല്ലാനീക്കിയിരിപ്പുകളും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ തനി കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം പുനപരിശോധിച്ച് 2017ന് മുമ്പ് നില നിന്നിരുന്ന സ്ഥിതി പുനസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.