'ഗവര്‍ണറോട് നല്ല ബഹുമാനവും സ്‌നേഹവും മാത്രം'; സര്‍ക്കാരിന്റെ നേതാവാണ് ഗവര്‍ണറെന്ന് മന്ത്രി സജി ചെറിയാന്‍

'ഗവര്‍ണറോട് നല്ല ബഹുമാനവും സ്‌നേഹവും മാത്രം'; സര്‍ക്കാരിന്റെ നേതാവാണ് ഗവര്‍ണറെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് നല്ല ബഹുമാനമാണെന്ന് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം കേരളത്തിന്റെ ഗവര്‍ണറാണ്. വളരെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേയുള്ളു. അദ്ദേഹത്തോട് തങ്ങള്‍ക്കെല്ലാം സ്നേഹം മാത്രമേയുള്ളുവെന്നും സജി ചെറിയാന്‍ പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറും സര്‍ക്കാരും ഒന്നാണ്. സര്‍ക്കാരിന്റെ നേതാവാണ് ഗവര്‍ണര്‍. എന്തെങ്കിലും അഭിപ്രായ വ്യത്യാസം വന്നാല്‍ അതെല്ലാം ചര്‍ച്ച ചെയ്ത് യോജിച്ച് പ്രവര്‍ത്തിക്കും. അതാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചത് പ്രതിപക്ഷത്തിന്റെ ഒരു ധര്‍മം മാത്രമാണ്. ഇത്തരം കാര്യങ്ങളില്‍ പ്രതിപക്ഷത്തോട് ഒരു വികാരവും തോന്നുന്നില്ല. ഏതു പ്രശ്നത്തെയും നെഗറ്റീവ് ആയിട്ടാണ് അവര്‍ കാണുന്നത്. ഈ ചടങ്ങില്‍ അവരും പങ്കെടുക്കേണ്ടതായിരുന്നു. പങ്കെടുത്തില്ല എന്നു വെച്ച് അവരോട് ഒരു വിരോധവുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. എല്ലാ സ്നേഹവും പ്രതിപക്ഷത്തോടുണ്ട്. പ്രതിപക്ഷത്തിന്റെ പൂര്‍ണസഹകരണം മന്ത്രി എന്ന നിലയില്‍ തുടര്‍ന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവരെ കൂടി ചേര്‍ത്തു പിടിച്ചുകൊണ്ടാകും സര്‍ക്കാര്‍ മുന്നോട്ടു പോകുക. ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് നേരത്തെ താന്‍ കൈകാര്യം ചെയ്തിരുന്നത്. ആ വകുപ്പുകള്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വകുപ്പുകള്‍ ഏതാണെന്ന് മുഖ്യമന്ത്രി തീരുമാനിച്ച് ഗവര്‍ണര്‍ അംഗീകരിച്ച് വരേണ്ടതുണ്ട്. വിജ്ഞാപനം പുറത്തു വന്ന ശേഷം വകുപ്പുകളുമായി ബന്ധപ്പെട്ട് പിന്നീട് പ്രതികരിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.