'ശോഭനമായ ഭാവി സ്വന്തമാക്കാന്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെയ്ക്കൂ'; പരിഹാസവുമായി ജോയ് മാത്യു

'ശോഭനമായ ഭാവി സ്വന്തമാക്കാന്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെയ്ക്കൂ'; പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ 2016 സെപ്റ്റംബര്‍ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് ശമ്പള വര്‍ധനവ്. ഇതിനെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജോയ് മാത്യു പരിഹസിച്ചിരിക്കുന്നത്.

'ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന-സമയ-ഊര്‍ജ്ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെയ്ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ്' എന്നാണ് ചിന്താ ജെറോമിന്റെ ശമ്പള വര്‍ധനവിനെ പരിഹസിച്ച് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അഡ്വക്കേറ്റ് എ. ജയശങ്കറും ശമ്പള വര്‍ധനവിനെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. 'സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബര്‍ മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി. ഇതോടെ 75 മാസത്തെ ശമ്പള കുടിശിക ഇനത്തില്‍ 37.50 ലക്ഷം രൂപ പണമായി നല്‍കി. ഇതു സംബന്ധിച്ച ശുപാര്‍ശ ധനകാര്യ വകുപ്പ് രണ്ടു തവണ നിരാകരിച്ചു എങ്കിലും സജി ചെറിയാന്‍ രാജിവച്ച ഒഴിവില്‍ യുവജന ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താല്പര്യമെടുത്ത് ശമ്പള പരിഷ്‌കരണം നടത്തുകയായിരുന്നുവത്രേ.

യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്നു സഖാവ് ചെയ്യുന്ന നിസ്തുല സേവനം പരിഗണിക്കുമ്പോള്‍ ഒരു ലക്ഷം തീരെ അപര്യാപ്തമാണ്. ചീഫ് സെക്രട്ടറി റാങ്ക് എങ്കിലും കൊടുക്കാമായിരുന്നു എന്നാണ് ജയശങ്കര്‍ ഫെസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.