രണ്ടാം ട്വന്‍റി20; ലങ്കയോട് പൊരുതി തോറ്റ് ടീം ഇന്ത്യ

രണ്ടാം ട്വന്‍റി20; ലങ്കയോട് പൊരുതി തോറ്റ് ടീം ഇന്ത്യ

പുനെ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്‍റി20യിൽ കൂറ്റൻ റൺമല താണ്ടാൻ ബാറ്റേന്തിയ ഇന്ത്യ 16 റൺസ് അകലെ പൊരുതി വീണു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം ജയിച്ച് ഒപ്പമെത്തി.

മുൻനിര ബാറ്റർമാർ തകർന്നടിഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഒരുഘട്ടത്തിൽ വമ്പനടികളുമായി സൂര്യകുമാർ യാദവും അക്സർ പട്ടേലും ഇന്ത്യക്ക് പ്രതീക്ഷ നൽകിയിരുന്നു.  

അക്സർ പട്ടേൽ 31 പന്തിൽ ആറു സിക്സും മൂന്നു ഫോറും ഉൾപ്പെടെ 65 റൺസെടുത്തു. 36 പന്തിൽ മൂന്നു സിക്സും മൂന്നു ഫോറും അടക്കം 51 റൺസാണ് സൂര്യകുമാർ യാദവിന്‍റെ സമ്പാദ്യം. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസാണ് അടിച്ചുകൂട്ടിയത്. പിന്നാലെ എത്തിയ ശിവം മാവി, പട്ടേലിനൊപ്പം ചേർന്ന് സ്കോർ അതിവേഗം ഉയർത്തിയെങ്കിലും ജയിക്കാനായില്ല. മാവി 15 പന്തിൽ 26 റൺസെടുത്തു.

ഇന്ത്യ 21 റൺസെടുക്കുന്നതിനിടെ ഒപ്പണർമാരായ ഇഷാൻ കിഷനും (അഞ്ചു പന്തിൽ രണ്ട്) ശുഭ്മാൻ ഗില്ലും (മൂന്നു പന്തിൽ അഞ്ച്) മടങ്ങി. പിന്നാലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ രാഹുൽ ത്രിപാഠി അഞ്ചു പന്തിൽ അഞ്ചു റൺസുമായി പുറത്തായി. നായകൻ ഹാർദിക് പാണ്ഡ്യ 12 പന്തിൽ 12 റൺസെടുത്തും ദീപക് ഹൂഡ 12 പന്തിൽ ഒമ്പത് റൺസുമായും പുറത്തായി. ഉമ്രാൻ മാലിക് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

നായകൻ ദാസുൻ ഷനകയുടെയും കുശാൽ മെൻഡിസിന്‍റെയും അർധ സെഞ്ച്വറി പ്രകടനാമാണ് ലങ്കൻ സ്കോർ 200 കടത്തിയത്. 22 പന്തിൽ ആറു സിക്സും രണ്ടു ഫോറും അടക്കം 56 റൺസെടുത്ത് ഷനക പുറത്താകാതെ നിന്നു. ട്വന്‍റി20യിൽ ഒരു ലങ്കൻ താരത്തിന്‍റെ അതിവേഗ അർധ സെഞ്ച്വറിയാണിത്. മെൻഡിസ് 31 പന്തിൽ നാലു സിക്സും മൂന്നു ഫോറും അടക്കം 52 റൺസെടുത്തു.

ലങ്കക്കായി കസുൻ രജിത, ദിൽഷൻ മദുഷൻക, ദസുൻ ഷനക എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ചാമിക കരുണരത്നെ, വാനിന്ദു ഹസരംഗെ എന്നിവർ ഓരോ വിക്കറ്റും വീതവും നേടി

ലങ്കക്കായി ഓപ്പണർമാരായ പാതും നിസ്സങ്കയും കുശാൽ മെൻഡിസും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 8.2 ഓവറിൽ 80 റൺസാണ് അടിച്ചെടുത്തത്. ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു. 

പരിക്കേറ്റ സഞ്ജു സാംസണ് പകരം രാഹുല്‍ ത്രിപാഠി ആദ്യ ഇലവനിലെത്തി. രാഹുലിന്റെ അരങ്ങേറ്റ മത്സരമാണിത്. ഹര്‍ഷല്‍ പട്ടേലിന് പകരം അര്‍ഷ്ദീപ് സിങ്ങിനെയും ഉള്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.