ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തില്‍ കൊളീജിയം ശുപാര്‍ശ തള്ളുന്നതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി. കൊളീജിയം ശുപാര്‍ശ ചെയ്യാത്ത പേരുകളാണ് പട്ടികയിലെന്നും കേന്ദ്ര സര്‍ക്കാരാണ് പേരുകള്‍ നല്‍കുന്നതെന്നും ജസ്റ്റിസ് എസ്.കെ കൗളും എ.എസ്. ഒകയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിയമനത്തില്‍ കാലതാമസം വരുമ്പോള്‍ ജഡ്ജി നിയമനത്തിനായി അവര്‍ നല്‍കിയ സമ്മതം പിന്‍വലിക്കുന്നതായും ബെഞ്ച് നിരീക്ഷിച്ചു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്‍കിയ 22 ശുപാര്‍ശകള്‍ കേന്ദ്ര നിയമ മന്ത്രാലയം നവംബറില്‍ മടക്കിയിരുന്നു.
ഇതില്‍ ഒന്‍പത് എണ്ണം കൊളീജിയം രണ്ടാമതും നല്‍കിയ ശുപാര്‍ശകളാണ്. സര്‍ക്കാര്‍ തുടര്‍ച്ചയായി ശുപാര്‍ശകള്‍ മടക്കുന്നത് ഗൗരവമുള്ള പ്രശ്‌നമാണെന്നും എസ്.കെ. കൗള്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ മടക്കിയ ശുപാര്‍ശകളില്‍ തുടര്‍ നടപടി എന്തുവേണമെന്ന് കൊളീജിയം യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
അതേസമയം, ജഡ്ജി നിയമനത്തില്‍ 44 ശുപാര്‍ശകളില്‍ നാളെ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മറ്റു ശുപാര്‍ശകളില്‍ കേന്ദ്രം മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റുന്നതിനുള്ള കൊളീജിയം ശുപാര്‍ശകളില്‍ ഉള്‍പ്പടെ തീരുമാനം വൈകുകയാണെന്ന് ജസ്റ്റിസ് എസ്.കെ കൗളിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊളിജീയം നല്‍കിയ 104 ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.
സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ തന്നെ കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനം എടുക്കാന്‍ ശ്രമിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി കോടതിയെ അറിയിച്ചു.
കേരള ഹൈക്കോടതി ജഡ്ജിമാരായി അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ സഞ്ജിത എന്നിവരെ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ മടക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.