കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശില വീഴാന്‍ ഒരു ദിവസം അവശേഷിക്കെ പോയിന്റ് പട്ടികയില്‍ കോഴിക്കോടാണ് മുന്നില്‍. 834 പോയിന്റാണ് കോഴിക്കോടിനുള്ളത്. 828 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിലുണ്ട്. പാലക്കാട് 819, തൃശൂര്‍ 814, മലപ്പുറം 783 എന്നിങ്ങനെയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍.
ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ.എസ് ചിത്രയും നിര്‍വഹിക്കും. കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും.
എംപിമാരായ എളമരം കരീം, എം.കെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ് സ്വാഗതം പറയും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും മന്ത്രി വി.ശിവന്‍കുട്ടി നന്ദി അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട ഗൗരവമുള്ള ഒരു പരാതിയും ഉയര്‍ന്നു വന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ചെറിയ പരാതികള്‍ അപ്പപ്പോള്‍ തന്നെ പരിഹരിച്ചു. എല്ലാ കമ്മിറ്റികളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹകരണം ലഭിച്ചതായും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.