മുംബൈ: തോൽവി അറിയാതെയുള്ള ബ്ലാസ്റ്റേഴ്സിന്റെ തെരോട്ടത്തിന് ഇന്ന് അഗ്നി പരീക്ഷ. മിന്നും ഫോമിലുള്ള മുംബൈ സിറ്റിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. മുംബൈയുടെ തട്ടകമായ മുംബൈ ഫുട്ബാൾ അരീനയിലാണ് പോരാട്ടം.
13 കളികളിൽ 31 പോയന്റുമായി മുന്നിലുള്ള നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയുടെ തൊട്ടുപിറകിലാണ് 12 മത്സരങ്ങളിൽ 30 പോയന്റുള്ള മുംബൈ. ബ്ലാസ്റ്റേഴ്സ് 12 കളികളിൽ 25 പോയന്റുമായി മൂന്നാമതും. ഇന്ന് ജയിച്ചാൽ മുംബൈയുമായുള്ള പോയന്റ് വ്യത്യാസം രണ്ടായി കുറക്കാം. പക്ഷെ മൂന്നാമത് തുടരുക തന്നെ ചെയ്യും. മുംബൈ ജയിക്കുകയാണെങ്കിൽ അവർക്ക് ഹൈദരാബാദിനെയും മറികടന്ന് തലപ്പത്തെത്താം.
ആദ്യപാദത്തിൽ കൊച്ചിയിൽ മുംബൈയുമായി ഏറ്റുമുട്ടിയപ്പോൾ 2-0 തോൽവിയായിരുന്നു ബ്ലാസ്റ്റേഴ്സിന്. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മൂന്നു തോൽവികളിലൊന്നായിരുന്നു ഇത്.
മുംബൈയാവട്ടെ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. സീസണിൽ പരാജയമറിയാത്ത ഏക ടീമാണവർ. കൂടുതൽ ഗോളുകളടിച്ച ടീമും മുംബൈ തന്നെ, 36 എണ്ണം. ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം 22 ഗോളുകളാണ്.
മുൻനിരയാണ് മുംബൈയുടെ കരുത്ത്. സെൻട്രൽ സ്ട്രൈക്കർ മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർഹെ പെരേര ഡയസ് ആറും വലതു വിങ്ങർ ലാലിയൻസുവാല ചാങ്തെ ഏഴും ഇടതു വിങ്ങർ ബിപിൻ സിങ് അഞ്ചും ഗോളുകൾ നേടിയിട്ടുണ്ട്. പ്ലേമേക്കർ ഗ്രെഗ് സ്റ്റുവാർട്ടാണ് ഏഴു അസിസ്റ്റുമായി അക്കാര്യത്തിലും മുന്നിൽ.
ബ്ലാസ്റ്റേഴ്സ് മുൻനിരയും അത്ര പിന്നിലല്ല. ആറു ഗോളുമായി ദിമിത്രിയോസ് ഡിയമന്റകോസ് ആക്രമണം നയിക്കുന്നു. നാലു ഗോളുമായി ഇവാൻ കലിയൂഷ്നി, മൂന്നു വീതം ഗോളുമായി അഡ്രിയാൻ ലൂന, സഹൽ അബ്ദുസ്സമദ്, രണ്ടു ഗോളുമായി അപോസ്തലോസ് ജിയാനൗ എന്നിവരുമുണ്ട്. ഡയമന്റകോസിനും ലൂനക്കും മൂന്നു വീതം അസിസ്റ്റുകളുമുണ്ട്, സഹലിന് രണ്ടും. കലിയൂഷ്നി സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്നത് ടീമിന് കരുത്തുപകരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.