ദേശീയ സുരക്ഷയെ ബാധിക്കും; ഓസ്ട്രേലിയക്ക് ആണവ അന്തര്‍വാഹിനികള്‍ നല്‍കുന്നതിനെതിരേ അമേരിക്കന്‍ സെനറ്റര്‍മാര്‍

ദേശീയ സുരക്ഷയെ ബാധിക്കും; ഓസ്ട്രേലിയക്ക് ആണവ അന്തര്‍വാഹിനികള്‍ നല്‍കുന്നതിനെതിരേ അമേരിക്കന്‍ സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ഓക്കസ് ത്രിരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി ഓസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നല്‍കുന്നതില്‍ വിയോജിപ്പുമായി അമേരിക്കന്‍ സെനറ്റര്‍മാര്‍. ഡെമോക്രാറ്റ് പാര്‍ട്ടി സെനറ്ററായ ജാക്ക് റീഡും റിപ്പബ്ലിക്കന്‍ സെനറ്ററായ ജിം ഇന്‍ഹോഫുമാണ് എതിര്‍പ്പുന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു കത്തെഴുതിയത്.

ആണവ അന്തര്‍വാഹിനികള്‍ വില്‍ക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന കാരണം ഉന്നയിച്ചാണ് ഇവര്‍ തടസവാദം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ
ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ കൈമാറാനുള്ള ഉടമ്പടിയില്‍ അമേരിക്കന്‍ സെനറ്റര്‍മാര്‍ക്കിടയില്‍ നിന്നുതന്നെ പ്രസിഡന്റ് സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2021 സെപ്റ്റംബറിലാണ് അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രസിഡന്റ് സ്‌കോട്ട് മോറിസണ്‍ ഓക്കസ് സഖ്യം രൂപീകരിച്ചത്. സഖ്യത്തിന്റെ ഭാഗമായുള്ള ഉടമ്പടി പ്രകാരം ഓസ്‌ട്രേലിയക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ ബ്രിട്ടനും അമേരിക്കയും തീരുമാനിച്ചിരുന്നു. ഇതോടൊപ്പം ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അന്തര്‍വാഹിനികള്‍ ഓസ്ട്രേലിയക്ക് അമേരിക്ക കൈമാറും. നിലവില്‍ ഡീസല്‍ - ഇലക്ട്രിക് അന്തര്‍വാഹിനികളാണ് ഓസ്‌ട്രേലിയയ്ക്കു സ്വന്തമായുള്ളത്.

അമേരിക്കന്‍ അന്തര്‍വാഹിനി വ്യവസായത്തിന്റെ അടിത്തറയിളക്കുന്നതാണ് ഉടമ്പടിയെന്നാണ് സെനറ്റര്‍മാരുടെ അഭിപ്രായം. അതിനാല്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനത്തില്‍ സമഗ്രമായ വിലയിരുത്തല്‍ ആവശ്യമാണെന്നാണ് ഇരവരും ചേര്‍ന്ന് എഴുതിയ കത്തില്‍ ആവശ്യമുന്നയിക്കുന്നു.

യു.എസില്‍ നിന്നോ യു.കെയില്‍ നിന്നോ ആണവ അന്തര്‍വാഹിനികള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മാര്‍ച്ചോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സ്വന്തമായി 60 ആണവോര്‍ജ്ജ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. സ്വന്തം രാജ്യത്തിന്റെ നാവികസേനയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിന് മുമ്പ് വിര്‍ജീനിയ-ക്ലാസ് വിഭാഗത്തിലുള്ള അന്തര്‍വാഹിനികള്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് അമേരിക്കയുടെ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവര്‍ കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.