കുനോയിലേക്ക് 12 ചീറ്റ കൂടി; ഇന്ത്യന്‍ മണ്ണില്‍ ഇരുപതിനെത്തും

കുനോയിലേക്ക് 12 ചീറ്റ കൂടി; ഇന്ത്യന്‍ മണ്ണില്‍ ഇരുപതിനെത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു. ജനുവരി 20 ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളാണ് ഇന്ത്യയുടെ മണ്ണിലേക്കെത്തുന്നത്. ചീറ്റ ട്രാന്‍സ് ലൊക്കേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകള്‍ രാജ്യത്തെത്തുന്നത്.

അന്യം നിന്നു പോയ ചീറ്റയുടെ വംശത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ആക്ഷന്‍ പ്ലാന്‍ ഫോര്‍ റീ ഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പതിനാലോളം ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വംശനാശം സംഭവിച്ച ചീറ്റകളുടെ വംശത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ചീറ്റകളെ കൊണ്ടു വരുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അവസാന ചുവടുവെയ്പ്പായി ധാരണാ പത്രം ഒരാഴ്ചയ്ക്കുളളില്‍ തയ്യാറാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യൂണിയന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ ചന്ദ്ര പ്രകാശ് ഗോയല്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി അംഗം സെക്രട്ടറി എസ് പി യാദവ്, വനം വകുപ്പ് മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാകും ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കുക.

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ നമീബിയയില്‍ നിന്നും എട്ട് ചീറ്റകളെ എത്തിച്ചിരുന്നു. അഞ്ച് പെണ്‍പുലികളും മൂന്ന് ആണ്‍ പുലികളുമാണ് മധ്യപ്രദേശില്‍ ആദ്യമെത്തിയത്. ഇവ ഇന്ത്യയില്‍ ആരോഗ്യവാന്‍മാരായും കഴിഞ്ഞു വന്നതോടെയാണ് കൂടുതല്‍ ചീറ്റകളെ എത്തിക്കാന്‍ തീരുമാനിച്ചത്.

2022 ജൂലൈയില്‍ ആയിരുന്നു 12 ചീറ്റകളെ കൂടി ആവശ്യപ്പെട്ട് രാജ്യം ദക്ഷിണാഫ്രിക്കയ്ക്ക് ധാരണാ പത്രം നല്‍കിയത്. എന്നാല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അംഗീകാരം ലഭിക്കാന്‍ താമസിക്കുകയായിരുന്നു. നിലവില്‍ 12 ചീറ്റകളില്‍ ഒന്‍പത് എണ്ണത്തിനെ റൂയ്‌ബെര്‍ഗില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിന്‍ഡ, ക്വാസുലു എന്നിവിടങ്ങളിലും പാര്‍പ്പിച്ചിട്ടുണ്ട്.

1952-ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഘട്ടം ഘട്ടമായി ചീറ്റകളെ എത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.