'അധികാരികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു'; ബ്രസീല്‍ കലാപത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യ

 'അധികാരികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു'; ബ്രസീല്‍ കലാപത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ബ്രസീല്‍ കലാപത്തില്‍ രാജ്യത്തിന് പിന്തുണയറിയിച്ച് ഇന്ത്യ. ബ്രസീലിയയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള കലാപത്തിന്റെയും ആക്രമണങ്ങളുടെയും വാര്‍ത്തകളില്‍ അഗാധമായ ഉത്കണ്ഠയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മുന്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സൊനാരോയുടെ അനുകൂലികളാണ് ആക്രമണത്തിന് പിന്നില്‍.

ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റത്തിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്.
ജനാധിപത്യ പാരമ്പര്യങ്ങളെ ഏവരും ബഹുമാനിക്കേണ്ടതുണ്ട്. ബ്രസീലിയന്‍ അധികാരികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും മോഡി ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരും ബ്രസീല്‍ കലാപത്തെ അപലപിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

കലാപക്കാര്‍ ബ്രസീല്‍ പാര്‍ലമെന്റും സുപ്രീം കോടതിയും ആക്രമിച്ചിരുന്നു. പ്രസിഡന്റ് ലൂല ഡസില്‍വയുടെ കൊട്ടാരവും ആക്രമിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 30 ന് നടന്ന തിരഞ്ഞെടുപ്പില്‍ ബൊല്‍സൊനാരോ പരാജയപ്പെട്ടതു മുതല്‍ ലുല അധികാരം പിടിക്കുന്നത് തടയാന്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന് ബോള്‍സോനാരോ അനുകൂലികള്‍ ആവശ്യപ്പെട്ടിരുന്നു.

ജനുവരി ഒന്നിനാണ് ബ്രസീല്‍ പ്രസിഡന്റായി ലുല ചുമതലയേറ്റത്. തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാതെ ബൊല്‍സൊനാരോ രാജ്യം വിട്ടിരുന്നു. ബൊല്‍സൊനാരോ ഇപ്പോള്‍ ഫ്‌ളോറിഡയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂവായിരത്തോളം തീവ്രവലതുപക്ഷക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ലുല ഡ സില്‍വ വ്യക്തമാക്കിയിരുന്നു. കലാപം നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.