തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളുടെയും ഭക്ഷണത്തിന്റെയും മാത്രമല്ല, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും സംസ്ഥാനം ഗുരുതരമായ വീഴ്ച വരുത്തുന്നു. സംസ്ഥാനത്തെ 30,500 മെഡിക്കല്‍ സ്റ്റോറുകള്‍ പരിശോധിക്കാന്‍ ആകെയുള്ളത് 47 ഉദ്യോഗസ്ഥര്‍.
ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷം പരിശോധന നടത്തിയത് 200 മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രം. എന്നിട്ടും പരിശോധന നടത്തിയവയില്‍ 60 കേസുകള്‍ പിടിക്കാനായി. കാലാവധി കഴിഞ്ഞ മരുന്നുകളും ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതിനാല്‍ കേടായ മരുന്നുകളും ഇവയില്‍ ഉള്‍പ്പെടും.
ഒരു ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഒരു മാസം 23 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയക്ക് അയയ്ക്കണമെന്നാണ് വ്യവസ്ഥ. അതിലും തിരിമറി നടക്കുന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് ശേഖരിക്കേണ്ടതിന് പകരം ഒരൊറ്റ മെഡിക്കല്‍ ഷോപ്പില്‍ നിന്നുമാത്രം 13 സാമ്പിളുകള്‍ ശേഖരിക്കുന്നു. നേരത്തേ ഒരു മാസം 13 സാമ്പിള്‍ ശേഖരിച്ചാല്‍ മതിയായിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകമ്പനികള്‍ സ്വന്തം ലാബുകളില്‍ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരുന്നുകള്‍ വില്‍പനയ്ക്ക് എത്തിക്കുന്നത്.
സംസ്ഥാനത്ത് ഗ്രാമങ്ങളില്‍പ്പോലും ഒന്നിലേറെ മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും എത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഓഫീസുകള്‍ക്ക് സ്വന്തമായി വാഹനവും കുറവാണ്. മെഡിക്കല്‍ സ്റ്റോറുകളിലും ലാബുകളിലും പരിശോധന നടത്താന്‍ എന്‍ഫോഴ്‌സ്മെന്റ് വിഭാഗവും അനലിറ്റിക്കല്‍ വിഭാഗവും ഉണ്ടെങ്കിലും പ്രവര്‍ത്തനം ഫലപ്രദമല്ല.
മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കും ബ്‌ളഡ് ബാങ്കുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിന് സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് നടത്തേണ്ട സംയുക്ത പരിശോധനയും പരിമിതമാണ്.
വിഷ പദാര്‍ത്ഥങ്ങളായ സയനൈഡ്, മെതനോള്‍, ക്‌ളോറല്‍ ഹൈഡ്രേറ്റ് തുടങ്ങിയവയുടെ ഉപയോഗത്തിനും വില്‍പനയ്ക്കും പോയ്‌സണ്‍ പെര്‍മിറ്റ് നല്‍കാറുണ്ടെങ്കിലും തുടര്‍പരിശോധന നടത്താറില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.