ആലപ്പുഴ: പ്രളയത്തിന് ശേഷം കുട്ടനാട്ടിലെ പല മേഖലകളും താഴുന്നതായി റിപ്പോര്‍ട്ട്. 20 മുതല്‍ 30 സെന്റിമീറ്റര്‍ താഴ്ന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൈനകരി, മങ്കൊമ്പ് മേഖലകളിലാണ് കൂടുതലായും ഭൂമി താഴുന്നതായി കണ്ടെത്തിയത്.
കുട്ടനാട് കായല്‍ നില ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ബണ്ടുകള്‍ വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് പഠന സംഘത്തിന്റെ വിലയിരുത്തല്‍. ബണ്ടുകള്‍ നിലവിലുള്ളതിനേക്കാള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തണമെന്നും ഡോ.പത്മകുമാര്‍ പറയുന്നു.
2018 ലെ പ്രളയത്തിന് ശേഷം ഏറെ നാള്‍ കുട്ടനാട്ടിലെ കരഭൂമിയിലും വയലിലും വെളളം കെട്ടിക്കിടന്നതാണ് ഭൂമി താഴാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രളയക്കാലത്ത് കെട്ടികിടന്ന വെളളം ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങി അടിത്തട്ടിലെ മണ്ണിനെ കൂടുതല്‍ അടുപ്പിച്ചതോടെയാണ് ഭൂനിരപ്പ് താഴ്ന്നത്. ഇക്കാരണത്താലാണ് സമീപ വര്‍ഷങ്ങളില്‍ വേലിയേറ്റം വെള്ളക്കെട്ടായി മാറുന്നതെന്നും പഠനത്തില്‍ പറയുന്നു.
കുട്ടനാടിന് പുറമേ, കൊല്ലം ജില്ലയിലെ മണ്‍റോതുരുത്ത്, പട്ടംതുരുത്ത്, പെരിങ്ങാലം എന്നിവിടങ്ങളും ഭൂമി താഴുന്നതായി പഠനത്തില്‍ കണ്ടെത്തി. കായലില്‍ ആവശ്യത്തിന് എക്കലില്ലാത്തതിനാലാണ് തുരുത്തുകള്‍ താഴുന്നത്. കല്ലടയാറ്റില്‍ നിന്നുള്ള വെള്ളത്തിന്റെ വരവു കുറഞ്ഞതോടെ തുരുത്തിന് സമീപത്തെ വെള്ളത്തില്‍ ഉപ്പുരസം വര്‍ധിക്കുന്നതായും പഠനം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.