കോഴിക്കോട്: ആലപ്പുഴയ്ക്ക് പിന്നാലെ കോഴിക്കോടും പക്ഷിപ്പനി. ചാത്തമംഗലം പ്രാദേശിക കോഴി വളര്‍ത്തു കേന്ദ്രത്തിലെ കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ 1800 ഓളം കോഴികള്‍ ചത്തു. അതിവ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ജനുവരി ആറ് മുതല്‍ ഫാമില്‍ കോഴികള്‍ ചത്ത് തുടങ്ങിയിരുന്നു. തുടര്‍ന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ വിമാനമാര്‍ഗം കൊടുത്തയച്ച സാമ്പിളുകള്‍ പരിശോധിച്ച് ഇന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിച്ചത്.
ജനുവരി ആറ് മുതല്‍ പേരന്റ് സ്റ്റോക്ക് കോഴികളില്‍ ചെറിയ രീതിയില്‍ മരണ നിരക്ക് ശ്രദ്ധയില്‍പെട്ടിരുന്നു. മരണപ്പെട്ട കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കല്‍ ലാബിലും പരിശോധനക്ക് അയച്ചു. ന്യൂമോണിയയുടെ ലക്ഷണം കണ്ട കോഴികള്‍ക്ക് അന്ന് തന്നെ മരുന്നുകള്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ പിറ്റേ ദിവസവും മരണനിരക്ക് വര്‍ധിച്ചതോടെ കണ്ണൂര്‍ ആര്‍ഡിഡിഎല്‍, തിരുവല്ല എഡിഡിഎല്‍ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധന നടത്തി. പ്രാഥമിക ടെസ്റ്റുകളില്‍ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാലാണ് കൃത്യമായ രോഗ നിര്‍ണയം നടത്തുന്നതിന് സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ അയച്ചത്.
5000ല്‍ പരം കോഴികളുള്ള ഫാമില്‍ നിലവില്‍ 1800 എണ്ണം ചത്തിട്ടുണ്ട്. ഇതിനകം തന്നെ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസ്, എഡിജിപി വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.