'കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ യാത്രികര്‍ മാസ്‌ക് ധരിക്കണം': വീണ്ടും നിര്‍ദേശം പുറത്തിറക്കി ലോകാരോഗ്യ സംഘടന

'കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ യാത്രികര്‍ മാസ്‌ക് ധരിക്കണം':  വീണ്ടും നിര്‍ദേശം പുറത്തിറക്കി ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന വീണ്ടും നിര്‍ദേശം പുറത്തിറക്കി.

പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. അമേരിക്കയിലെ തീവ്രവ്യാപനത്തിന് പിന്നില്‍ എക്സ്.ബി.ബി. 1.5 എന്ന പുതിയ വകഭേദമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ദീര്‍ഘദൂര വിമാന യാത്രകള്‍ ചെയ്യുന്നവരോട് മാസ്‌കുകള്‍ ധരിക്കാന്‍ അതാത് രാജ്യങ്ങള്‍ നിര്‍ദേശിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യൂറോപ്പില്‍ എക്സ്.ബി.ബി. 1.5 വകഭേദം നിലവില്‍ കുറവാണെങ്കിലും നിരക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ ഉള്ളവരെല്ലാം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശം പാലിക്കണമെന്നാണ് യൂറോപ്പിലെ ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എമര്‍ജന്‍സി ഓഫീസറായ കാതറിന്‍ സ്മാള്‍വുഡ് പറഞ്ഞു. അമേരിക്കക്കയില്‍ നിലവിലെ കോവിഡ് വ്യാപനത്തിന്റെ 27.6 ശതമാനവും എക്സ്.ബി.ബി. 1.5 വകഭേദം മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപനത്തിന് പിന്നിലും ബി.എഫ്.7, എക്സ്.ബി.ബി. 1.5 തുടങ്ങിയ വകഭേദങ്ങളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജപ്പാനില്‍ കോവിഡ് നിരക്കുകളും മരണ നിരക്കുകളും റെക്കോഡ് നില ഭേദിച്ചും കുതിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടെ കോവിഡ് പ്രതിരോധത്തിനായി നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങള്‍ ചൈന നീക്കി. മൂന്ന് വര്‍ഷത്തിനു ശേഷമാണ് കര, വ്യോമ, ജലഗതാഗത മാര്‍ഗങ്ങള്‍ ഞായറാഴ്ച ചൈന പൂര്‍ണമായി തുറന്നത്.

കോവിഡ് ബാധിതര്‍ അനിയന്ത്രിതമായി പെരുകുന്നതിനിടെ തുറക്കാനുള്ള തീരുമാനം വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബറിലാണ് 'സീറോ കോവിഡ് നയം' അവസാനിപ്പിക്കാന്‍ ചൈന തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.