ബഫര്‍ സോണ്‍ അല്ല ജീവിക്കാനാവശ്യമായ സേഫ് സോണ്‍ ആണ് ആവശ്യം: സീറോ മലബാര്‍ സഭ സിനഡ്

ബഫര്‍ സോണ്‍ അല്ല ജീവിക്കാനാവശ്യമായ സേഫ് സോണ്‍ ആണ് ആവശ്യം: സീറോ മലബാര്‍ സഭ സിനഡ്

കാക്കനാട്: ബഫര്‍ സോണ്‍ അല്ല ജീവിക്കാനാവശ്യമായ സേഫ് സോണ്‍ ആണ് ആവശ്യമെന്ന് സീറോ മലബാര്‍ സഭ സിനഡ്. വിഷയത്തില്‍ ജനുവരി 11ലെ സുപ്രീം കോടതി പരാമര്‍ശം കര്‍ഷകര്‍ക്ക് ആശാവഹമാണ്.

മുഴുവന്‍ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കുചുറ്റും ജീവിക്കുന്ന ജനങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിന്റെ വക്കിലാണെന്ന് സിനഡ് നിരീക്ഷിച്ചു.

മലബാര്‍ പ്രദേശത്തെ വയനാട്, മലബാര്‍, ആറളം എന്നീ വന്യജീവി സങ്കേതങ്ങളുടെ സമീപം ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ വിശദമാക്കുന്ന രീതിയില്‍ ബഫര്‍ സോണ്‍ അന്തിമമായി തീരുമാനിക്കപ്പെട്ടാല്‍ വഴിയാധാരമാകും.

സൈലന്റ് വാലി, ചൂലന്നൂര്‍, പീച്ചി-വാഴാനി, ചിമ്മിനി, പറമ്പിക്കുളം സങ്കേതങ്ങളുടെ ബഫര്‍ സോണില്‍ പാലക്കാട് ജില്ലയിലെ 24 വില്ലേജുകള്‍ ഉള്‍പെടുന്നു. എല്ലാ സങ്കേതങ്ങളുടെയും ബഫര്‍ സോണ്‍ ഒന്നില്‍ കൂടുതല്‍ കിലോമീറ്റര്‍ ഉള്ളതും, കൃഷിഭൂമിയും, ജനവാസ കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്നതുമാണ്.

വനപ്രദേശമല്ലാത്ത ചൂലന്നൂരില്‍ ബഫര്‍ സോണ്‍ പൂര്‍ണമായും ജനവാസമേഖലയിലാണ്. നിലവിലുള്ള സങ്കേതങ്ങള്‍ക്ക് പുറമേ അട്ടപ്പാടിയില്‍ പുതുതായി വനംവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്ന ഭവാനി വന്യജീവി സങ്കേതം അട്ടപ്പാടിയെ കൂടുതല്‍ ദോഷകരമായി ബാധിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം കര്‍ഷകരോടുള്ള വെല്ലുവിളിയായി മാത്രമേ മനസിലാക്കാനാകൂ എന്ന് സിനഡ് വിലയിരുത്തി.

തട്ടേക്കാട് പക്ഷിസങ്കേതം ജനവാസ മേഖലയിലേക്ക് വ്യാപിച്ചുകിടക്കുന്നു എന്നുള്ളത് ഈ പ്രദേശത്തെ വലിയ ആശങ്കയാണ്. പക്ഷിസങ്കേതത്തിന്റെ നിലവിലെ അതിര്‍ത്തിക്കുള്ളില്‍ 9 ചതുരശ്ര കിലോമീറ്ററിലായി കുട്ടമ്പുഴ പഞ്ചായത്തിലെ 14,16,17 വാര്‍ഡുകളും ആ വാര്‍ഡുകളിലെ 12000ത്തോളം ആളുകളും ഉള്‍പ്പെടുന്നു.

ഈ ജനവാസമേഖല പക്ഷിസങ്കേതത്തിന്റെ നോട്ടിഫിക്കേഷന്‍ സമയത്ത് തെറ്റായി ഉള്‍പ്പെട്ടുപോയതാണ്. ഇക്കാര്യം കേരളാ വൈല്‍ഡ് ലൈഫ് അഡൈ്വസറി കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ള ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പ്രദേശത്തിന് പകരമായി നേര്യമംഗലം വനത്തിന്റെ ഭാഗമായ 10.17 ചതുരശ്ര കിലോമീറ്റര്‍ ഇതിനോട് കൂട്ടിച്ചേര്‍ക്കാനും ധാരണയായിട്ടുള്ളതാണ്. എന്നാല്‍ ഇവയൊന്നും നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് ദുഖകരമാണ്. തട്ടേക്കാട് പക്ഷി സങ്കേതത്തെ സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ല.

കരട് വിജ്ഞാപനത്തിനുശേഷം നടക്കേണ്ട യാതൊരുവിധ നടപടിക്രമങ്ങളും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായിട്ടും നടന്നിട്ടില്ല. ഇത് ഈ പ്രദേശത്ത് അതീവഗൗരവതരമായ സാമ്പത്തീക - സാംസ്‌കാരിക - രാഷ്ട്രീയ സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്നു എന്ന് സിനഡ് ചൂണ്ടിക്കാട്ടി.

സാങ്കേതിക പിഴവുകള്‍കൊണ്ട് പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ (എരുമേലി പഞ്ചായത്ത് 11, 12 വാര്‍ഡുകള്‍) പെരുവന്താനം പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പെട്ട (മൂഴിക്കല്‍, കുറ്റിക്കയം, തടിത്തോട്) പ്രദേശം; കോരുത്തോട്, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, ഏലപ്പാറ, ഉപ്പുതറ, കാഞ്ചിയാര്‍, സീതത്തോട്, ചിറ്റാര്‍ മുതലായ 11 പഞ്ചായത്തുകളിലെ വനാതിര്‍ത്തിക്കുള്ളില്‍ പെട്ടുപോയ ആയിരക്കണക്കിന് കുടുംബങ്ങളെയും പതിനായിരക്കണക്കിന് ജനങ്ങളെയും വനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് രാജ്യത്തെ മറ്റു പൗരന്മാരെപ്പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് സര്‍ക്കാരിനോട് സിനഡ് ആവശ്യപ്പെട്ടു.

72% വനമേലയുള്ളതും നാല് ദേശീയോദ്യാനങ്ങളും നാല് സംരക്ഷിത വനമേഖലകളുമുള്ള ജില്ലയാണ് ഇടുക്കി. ഈ ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍, മാങ്കുളം, ശാന്തന്‍പാറ, ചിന്നക്കനാല്‍, വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി, കാഞ്ചിയാര്‍, അറക്കുളം, ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കുമളി എന്നീ പഞ്ചായത്തുകളെ ബഫര്‍ സോണ്‍ വിഷയം പൂര്‍ണമായോ ഭാഗികമായോ ബാധിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ ആര്യങ്കാവ്, അമ്പൂരി പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും റോഡുകളും പൊതുസ്ഥാപനങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. ജനകീയ പ്രക്ഷോഭങ്ങളോടൊപ്പം പൊതുജനസഹകരണത്തോടെ വിവരശേഖരണം നടത്തിയെങ്കിലും സര്‍ക്കാരിന്റെ മാറിമറിയുന്ന നിര്‍ദ്ദേശങ്ങള്‍ മൂലം ഇപ്പോഴും ജനങ്ങള്‍ അസ്വസ്ഥരാണ്.

കൃഷിസ്ഥലങ്ങളും, ജനവാസ കേന്ദ്രങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കി വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തണമെന്ന് സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഭവാനി വന്യജീവിസങ്കേത ശുപാര്‍ശ അടിയന്തരമായി പിന്‍വലിക്കണം. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആത്മാര്‍ത്ഥമായ രീതിയില്‍ ഇക്കാര്യത്തില്‍ ഇടപെടുകയും സുപ്രീംകോടതി നല്‍കിയിരിക്കുന്ന എല്ലാ സാധ്യതകളും കര്‍ഷകര്‍ക്കനുകൂലമായി പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചു.

കേരളത്തിലെ ഭൂരിപക്ഷം വന്യജീവി സങ്കേതങ്ങളുടെയും കോര്‍ സോണിന്റെ അതിര്‍ത്തി ജനവാസകേന്ദ്രങ്ങളുമായി പങ്കിടുന്ന വിധത്തില്‍ തെറ്റായി നിശ്ചയിക്കപ്പെട്ടുപോയിട്ടുണ്ടെന്നും, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തിലെ ഈ തെറ്റ് തിരുത്തുവാന്‍ സമയം അനുവദിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടണം.

ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍ ആയി പ്രഖ്യാപിക്കാന്‍ സാധിക്കുകയില്ല എന്നും രേഖകളുടെ പിന്‍ബലത്തോടെ കോടതിമുന്‍പാകെ സമര്‍ത്ഥിക്കാന്‍ സര്‍ക്കാരിനു കഴിയണം. അടിയന്തിരമായി നിലവിലുള്ള വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച റിപ്പോര്‍ട്ട് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയോടും സെന്‍ട്രല്‍ എംപവെര്‍ഡ് കമ്മിറ്റിയുടെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ സമയം അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടണം.

കര്‍ഷകരെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഒരിക്കലും പ്രായോഗികമല്ല. അതിനാല്‍, കര്‍ഷകരെ കൂടി വിശ്വാസത്തില്‍ എടുത്ത് ആരോഗ്യകരമായ പരിസ്ഥിതി സംസ്‌കാരം രൂപപ്പെടുത്തുവാന്‍ നമുക്ക് കഴിയണമെന്നും സിനഡ് ആവശ്യപ്പെട്ടു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.