ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ പ്രതിസന്ധി; യു.എസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

 ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ പ്രതിസന്ധി; യു.എസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ പ്രതിസന്ധി. യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓഗസ്റ്റ് 25 മുതല്‍ 29 വരെയാണ് യുഎസ് സംഘത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ യാത്ര റദ്ദാക്കിയതായാണ് വിവരം. ഇന്ത്യക്കുമേലുള്ള യുഎസിന്റെ അധിക തീരുവ വര്‍ധനയ്ക്ക് പിന്നാലെ നിലനില്‍ക്കുന്ന സാമ്പത്തിക സംഘര്‍ഷ സാഹചര്യത്തിലാണ് വ്യാപാര ചര്‍ച്ചയുമായിബന്ധപ്പെട്ട സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് സൂചന.

അതേസമയം കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേലുള്ള അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നല്‍കിയിരുന്നു. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന കാരണത്തിന് പിന്നാലെയാണ് ഇന്ത്യക്കുമേല്‍ യുഎസ് 50 ശതമാനം അധിക തീരുവ ചുമത്തിയത്. ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് യു.എസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു യു.എസ് സംഘത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിനുള്ളില്‍ വ്യാപാര കരാറില്‍ ധാരണയിലെത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് അനുസരിച്ചാണെങ്കില്‍ അടുത്ത മാസത്തില്‍ ആദ്യം യുഎസ് സംഘത്തിന്റെ സന്ദര്‍ശനം ഉണ്ടായേക്കും. അതേസമയം കാര്‍ഷിക, ക്ഷീര വിപണിയില്‍ കൂടുതല്‍ ഇടം വേണമെന്ന യുഎസിന്റെ നിര്‍ബന്ധമാണ് കരാറിലെ പ്രധാന തടസം. ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ അടക്കം ബാധിക്കും എന്നതിനാല്‍ ഈ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം ആവശ്യപ്പെടുന്ന യു.എസ് നിലപാടിനെ ഇന്ത്യക്ക് അംഗീകരിക്കാനാവില്ല.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.