ദുബായ്: രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ സാമ്പത്തിക ആശ്വാസമെന്ന രീതിയില്‍ ആരംഭിച്ച ഇൻഷുറന്‍സ് പദ്ധതിയില്‍ രണ്ടരലക്ഷത്തോളം പേർ രജിസ്ട്രർ ചെയ്തു. ജനുവരി ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ജനുവരി 12 വരെയുളള കണക്ക് അനുസരിച്ച് രണ്ടരലക്ഷം പേർ പദ്ധതിയുടെ ഭാഗമായെന്ന് യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുറഹ്മാൻ അൽ അവാർ പറഞ്ഞു. പദ്ധതി നടപ്പിലാക്കിയ ആദ്യ ദിനം തന്നെ 60,000 പേർ ഇന്‍ഷുറന്‍സില്‍ അംഗമായിരുന്നു.
www.iloe.ae എന്ന ഔദ്യോഗിക വെബ് സൈറ്റിലൂടെയാണ് 86 ശതമാനം പേരും അംഗമായത്. വെബ്സൈറ്റിലൂടെയല്ലാതെ ബിസിനസ് സേവന കേന്ദ്രങ്ങള്‍,അൽ അൻസാരി എക്സ്ചേഞ്ച്, സെൽഫ് സർവിസ് കിയോസ്കുകൾ, ബാങ്കുകളുടെ സ്മാർട്ട് ആപ്പുകൾ, ടെലിഫോൺ സേവന ദാതാക്കൾ തുടങ്ങിയവയിലൂടെയും പദ്ധതിയില്‍ അംഗമാകാം. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് 60 ദിർഹം അടച്ചാൽ ഒരുവർഷം പദ്ധതിയുടെ ഭാഗമാകാം. മാസം തോറും അഞ്ച് ദിർഹം അടച്ചും പദ്ധതിയുടെ ഭാഗമാകാം. പദ്ധതിയില്‍ ചേർന്ന് ഒരു വർഷം കഴിഞ്ഞാണ് ആദ്യ ഗഡു നല്‍കുക. പ്രതിമാസം 10,000 ദിർഹമാണ് ഇൻഷുറന്‍സായി ലഭിക്കുക. മൂന്ന് മാസം വരെ ഇൻഷുറന്‍സ് ലഭിക്കും.
16,000 ദിർഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുളളവർക്ക് വർഷത്തില്‍ 120 ദിഹം അടയ്ക്കണം. മൂന്ന് മാസമോ, ആറ് മാസമോ, ഒന്‍പത് മാസത്തേക്കോ തവണകള്‍ അടച്ചും പദ്ധതിയില്‍ ഭാഗമാകാം. ഇവർക്ക് പ്രതിമാസം 20,000 ദിർഹമാണ് ഇൻഷുറന്‍സായി ലഭിക്കുക. അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനമാണ് ഇന്‍ഷുറന്‍സ് തുകയായി കണക്കാക്കുന്നത്. സ്വഭാവദൂഷ്യത്തിന്‍റെ പേരിലാണ് ജോലി നഷ്ടപ്പെട്ടതെങ്കില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല. പുതിയ ജോലി ലഭിച്ചാലും ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ അർഹതയുണ്ടാകില്ല. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന കാലയളവില്‍ യുഎഇയില്‍ ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ ക്ലെയിമിനായി അപേക്ഷ സമർപ്പിക്കണം. രണ്ടാഴ്ചക്കുള്ളിൽ തുക ലഭിച്ച് തുടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.