സ്മാര്‍ട്ട് മീറ്റര്‍ ഏപ്രില്‍ മുതല്‍ കേരളത്തിലും; ഉപയോഗിച്ചാല്‍ മാത്രം വൈദ്യുതി ബില്‍

സ്മാര്‍ട്ട് മീറ്റര്‍ ഏപ്രില്‍ മുതല്‍ കേരളത്തിലും; ഉപയോഗിച്ചാല്‍ മാത്രം വൈദ്യുതി ബില്‍

തിരുവനന്തപുരം: ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണമടച്ചാൽ മതിയാകുന്ന സ്മാർട്ട് മീറ്റർ ഏപ്രിൽ മുതൽ കേരളത്തിലും നിലവിൽവരുന്നു. ഉപയോഗിച്ച വൈദ്യുതിക്കനുസരിച്ചുള്ള തുക മീറ്ററിൽ കാണിക്കും എന്നതാണ് പ്രധാന നേട്ടം. മാത്രമല്ല സ്ലാബ് സമ്പ്രദായം ഇല്ലാതാവുകയും ഫിക്സഡ് ചാർജ് ഒഴിവാക്കുകയും ചെയ്യും. എന്നാൽ രാത്രി നിരക്ക് കൂടുതലായിരിക്കുമെന്നതാണ് ഉപഭോക്താക്കളെ ദോഷമായി ബാധിക്കുന്ന ഒരു കാര്യം. 

കെഎസ്ഇബിക്ക് നല്ല വരുമാനമുള്ള പതിനാല് ഡിവിഷനുകളിലെ 37ലക്ഷം കണക്‌ഷനുകളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. മീറ്റർ സ്ഥാപിക്കുന്നതും വൈദ്യുതി ബിൽ ഈടാക്കുന്നതും സ്വകാര്യ സ്ഥാപനമാണ്. കെഎസ്ഇബിക്ക് പണം കൈമാറുന്നത് ഈ സ്ഥാപനമായിരിക്കും. 

പുതിയ കണക്‌ഷൻ, അറ്റകുറ്റപ്പണികൾ, വൈദ്യുതി വിതരണം തുടങ്ങിയ ചുമതലകൾ കെഎസ്ഇബി തുടരും. കേന്ദ്രം നിർദ്ദേശിച്ച പാനലിലുള്ള ഡൽഹി ആസ്ഥാനമായ ആർഇസി പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിക്കാണ് നടത്തിപ്പ്.

പത്തുവർഷത്തേക്കാണ് ആർഇസി കമ്പനിയുമായുള്ള കരാർ. മൊത്തം ചെലവ് 8,174.96 കോടി രൂപ സ്വകാര്യകമ്പനി വഹിക്കും. ഡിസൈൻ, ബിൽഡ്, ഫണ്ട്, ഓപ്പറേറ്റ്, ട്രാൻസ്ഫർ മോഡലിലാണ് നടപ്പാക്കുന്നത്.

തിരുവനന്തപുരം (നഗരം മുഴുവൻ), കഴക്കൂട്ടം, എറണാകുളം (നഗരം മുഴുവൻ), തൃപ്പൂണിത്തുറ, ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോഴിക്കോട്, ഫറൂഖ്, കണ്ണൂർ, പാലക്കാട്, തിരൂരങ്ങാടി, പള്ളം, കാസർകോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന ഡിവിഷനുകൾ. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രീപെയ്ഡോ,പോസ്റ്റ് പെയ്ഡോ തിരഞ്ഞെടുക്കാം. സർക്കാർ സ്ഥാപനങ്ങൾക്ക് പ്രീപെയ്ഡ് മീറ്റർ ആയിരിക്കും. 

മാെബൈൽ പോലെ ചാർജ് തീർന്നാൽ ഡിസ് കണക്ടാവും. റീചാർജ് ചെയ്താൽ കണക്‌ഷൻ ആ നിമിഷം പുനഃസ്ഥാപിക്കും. 6000രൂപയാണ് സ്മാർട്ട് മീറ്ററിന് വില. എന്നാൽ ഇത് ഉപഭോക്താക്കൾ നൽകേണ്ട. മാസ വാടക നൽകിയാൽ മതിയാകും. 

അടുത്ത ആറു മാസത്തിനുള്ളിൽ അടുത്തഘട്ടം നടപ്പാക്കും. സർക്കാർ, വ്യവസായ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, വ്യാപാരശാലകൾ, മാസം 200യൂണിറ്റിൽ കൂടുതലുള്ള ഗാർഹിക ഉപഭോക്താക്കൾ എന്നിവർക്കാണ് സ്മാർട്ട് മീറ്റർ വയ്ക്കുന്നത്.

സ്വകാര്യ വത്കരണമാണെന്ന് പറഞ്ഞ് ഇടതു യൂണിയനുകളുടെ എതിർപ്പിനിടെയാണ് ഇത് നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം ഉയർത്താനും കെഎസ്ഇബിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാനും പദ്ധതി അനിവാര്യമാണെന്ന് ബോധ്യമായതോടെ മന്ത്രിസഭയാണ് അനുകൂല തീരുമാനമെടുത്തത്.

ഡോ. ബി. അശോക് ചെയർമാനായിരുന്ന കാലത്ത് സ്മാർട്ട് മീറ്റർ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഇടതുസംഘടനകൾ എതിർത്തതോടെ പിന്നീട് വന്ന മാനേജ്മെന്റ് പിൻമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.