വിശുദ്ധ ദേവസഹായത്തിന്റെ നാമകരണ ഗീതം ഏറ്റെടുത്ത് വിശ്വാസികള്‍

വിശുദ്ധ ദേവസഹായത്തിന്റെ നാമകരണ ഗീതം ഏറ്റെടുത്ത് വിശ്വാസികള്‍

ആസ്വാദക ശ്രദ്ധ നേടി വിശുദ്ധ ദേവസഹായത്തിന്റെ നാമകരണ ഗീതം. ഫാ. റോബര്‍ട്ട് ചവറനാനിക്കല്‍ വി.സി രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഷൈബിന്‍ കുര്യാക്കോസാണ്. വിശുദ്ധ ദേവസഹായത്തിന്റെ തിരുനാള്‍ ദിനമായ ഇന്ന് വിശുദ്ധന്റെ നാമകരണത്തോടനുബന്ധിച്ചുള്ള ഗീതങ്ങള്‍ ഏറെ പ്രസക്തമാണ്.

വിശ്വാസതീക്ഷ്ണതയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ കന്യാകുമാരിയിലെ കാറ്റാടി മലയില്‍ രക്തസാക്ഷിത്വം വരിച്ച മലയാളിയായ വിശുദ്ധനാണ് വി. ദേവസഹായം പിള്ള.


1712 ഏപ്രില്‍ 23 ന് കന്യാകുമാരിയിലെ നട്ടാലത്ത് ജനിച്ച നീലകണ്ഠപ്പിള്ളയാണ് മാമ്മോദീസ സ്വീകരിച്ച് ദേവസാഹായം പിള്ളയായത്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ഉന്നതപദവി വഹിച്ചിരുന്ന അദ്ദേഹത്തിന്റെ മതം മാറ്റം അക്കാലത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. രാജ്യദ്രോഹം, ചാരവൃത്തി തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ചുമത്തി അദ്ദേഹത്തെ തടവിലാക്കി. കഠിനമായ പീഡനങ്ങളും നേരിടേണ്ടി വന്നു.

1752 ല്‍ ജനുവരി 14 ന് കാറ്റാടിമലയില്‍ വച്ച് വെടിയേറ്റാണ് ദേവസഹായം മരണമടഞ്ഞത്. വിശ്വാസത്തിനു വേണ്ടി പീഡനങ്ങളേല്‍ക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അദ്ദേഹത്തെ 2012 ഡിസംബര്‍ രണ്ടിന് ബനഡിക്ട് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ജീവിതവും രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണു സ്ഥിതി ചെയ്യുന്നത്. നാഗര്‍കോവിലിലെ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലിലുള്ള ദേവസഹായത്തിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനയ്ക്കായി നിത്യവും നൂറുകണക്കിനു വിശ്വാസികളാണ് എത്തുന്നത്.

ദേവസഹായത്തിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുത പ്രവൃത്തി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെ അദ്ദേഹം വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ന്നു. ഏഴാം മാസത്തില്‍ അമ്മയുടെ ഉദരത്തില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായ ശിശു ദേവസഹായത്തിന്റെ മദ്ധ്യസ്ഥതയിലൂടെ ജീവിതതതിലേക്കു തിരിച്ചു വന്ന അത്ഭുതമാണ് വത്തിക്കാന്‍ സ്ഥിരീകരിച്ചത്. ജനുവരി 14 നാണ് വി. ദേവസഹായം പിള്ളയുടെ തിരുനാള്‍ ആചരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.